റിയാദ്- റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിമാൽ (റിയാദ് മലപ്പുറം കൂട്ടായ്മ) ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18-ലെ അൽ അരീൻ ഇസ്തിറായിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ നാനൂറോളം പേർ പങ്കെടുത്തു. റുമൈസാൻ പുള്ളിയിലിന്റെ ഖിറാഅത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ജനറൽ സെക്രട്ടറി മുഹമ്മദ് പൊന്മള കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റ് ഇബ്രാഹിം തറയിൽ റമദാൻ സന്ദേശം നൽകി.


കഴിഞ്ഞ 19 വർഷമായി റിയാദിലെ മലപ്പുറം സ്വദേശികൾക്ക് ചികിത്സാ സഹായം, സാമ്പത്തിക സഹായം, നിയമസഹായം എന്നിവ റിമാൽ നൽകിവരുന്നുണ്ട്. ഇതിനുപുറമെ നാട്ടിൽ മലപ്പുറം റിമാൽ സൊസൈറ്റിക്ക് കീഴിൽ പ്രതിവർഷം 350-ഓളം നിത്യരോഗികൾക്കുള്ള സഹായം, സൗജന്യ മരുന്ന് വിതരണം, ഡ്രസ്സ് ബാങ്ക് വഴിയുള്ള വസ്ത്ര സമാഹരണവും വിതരണവും തുടങ്ങി വിപുലമായ കാരുണ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രോഗ്രാം കൺവീനർ സാജു മൻസൂറിന്റെ നേതൃത്വത്തിൽ സലാം വി.കെ, ജാഫർ കിളിയണ്ണി, മുസമ്മിൽ കാളമ്പാടി, ഷുക്കൂർ പുള്ളിയിൽ, മൊഹിനുദ്ദീൻ മൈലപ്പുറം, ബാപുട്ടി ഇരുമ്പുഴി, ഹംസ മലപ്പുറം, സലാം പടിഞ്ഞാറ്റുമുറി, സൂജ പൂളക്കണ്ണി, ഷുക്കൂർ വടക്കേമണ്ണ, നിഹാൽ അറബി തുടങ്ങിയവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച റിമാൽ സ്പോർട്സ് വിങ്ങിനെ ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു. സി.കെ അബ്ദുറഹ്മാൻ സ്വാഗതവും മജീദ് പി.സി നന്ദിയും രേഖപ്പെടുത്തി.



