ജിദ്ദ – ആധുനിക കാലത്തെ യുദ്ധത്തിലും പ്രതിരോധത്തിലും ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയ ഡ്രോണുകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ സൗദി അറേബ്യ നടപടികള്‍ ആരംഭിച്ചു. സൗദിയിലെ ജിദ്ദയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി അറേബ്യയും ചൈനയും കരാര്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ വിംഗ് ലൂങ്-3 ഇനത്തില്‍ പെട്ട ഡ്രോണുകള്‍ അസംബ്ലി ചെയ്യുന്ന യൂണിറ്റ് സ്ഥാപിക്കാനായി ചൈനയുടെ എവിക് കമ്പനിയും സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമാണ് കരാര്‍ ഒപ്പുവെച്ചത്. 500 കോടി ഡോളറിന്റെ പ്രതിരോധ കരാറാണിതെന്ന് അന്താരാഷ്ട്ര പ്ലാറ്റ്ഫോമായ ക്ലാഷ് റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ പ്രകാരം, 48 വിംഗ് ലൂങ്-3 ഡ്രോണുകള്‍ പ്രതിവര്‍ഷം ജിദ്ദയില്‍ നിര്‍മ്മിക്കും. ഇത് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ വ്യാവസായിക, പ്രതിരോധ പങ്കാളിത്തത്തിലേക്കുള്ളമാറ്റത്തെ അടയാളപ്പെടുത്തുന്നു.
വിപുലമായ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സൗദി അറേബ്യ ഈ ഡ്രോണ്‍ തെരഞ്ഞെടുത്തത്. ലക്ഷ്യങ്ങളുമായി അതിവേഗത്തില്‍ പ്രതികരിക്കാനുള്ള ഉയര്‍ന്ന ശേഷി പരീക്ഷണങ്ങളില്‍ ചൈനീസ് ഡ്രോണ്‍ പ്രകടമാക്കി. 0.3 സെക്കന്‍ഡിനുള്ളില്‍ ലക്ഷ്യങ്ങള്‍ തിരിച്ചറിയാനുള്ള അതിന്റെ കഴിവ് പ്രവര്‍ത്തന ഡാറ്റ സൂചിപ്പിക്കുന്നു. മുന്‍ പതിപ്പുകളെ അപേക്ഷിച്ച് ജാമിംഗ് പ്രതിരോധ ശേഷി 40 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്.
50 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയെയും മണല്‍ക്കാറ്റിനെയും നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍, മിഡില്‍ ഈസ്റ്റിലെ കഠിനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ചൈനീസ് ഡ്രോണിന്റെ സവിശേഷതയാണ്. കൂടാതെ തുടര്‍ച്ചയായി 40 മണിക്കൂര്‍ പറക്കാനും 10,000 കിലോമീറ്ററില്‍ കൂടുതലുള്ള റേഞ്ചും ഇതിന്റെ സവിശേഷതകളാണ്.
ചില കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് സിസ്റ്റം സാങ്കേതികവിദ്യകളുടെ ക്രമേണയുള്ള കൈമാറ്റവും ജിദ്ദയില്‍ അസംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് തന്ത്രത്തിന് അനുസൃതമായി, 2030 ഓടെ സൗദി അറേബ്യയുടെ സൈനിക വ്യവസായങ്ങളുടെ 50 ശതമാനം തദ്ദേശീയവല്‍ക്കരിക്കാനുള്ള പദ്ധതിയെ ഇത് പിന്തുണക്കുന്നു.



