അബുദാബി – രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏതാനും പേരെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സന്ദര്‍ശിച്ചു. യു.എ.ഇയെ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവരുടെ ചികിത്സയുടെ പുരോഗതിയും അവര്‍ക്ക് ലഭിക്കുന്ന ആവശ്യമായ പരിചരണവും ഉറപ്പാക്കുന്നതിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ താല്‍പ്പര്യമാണ് ഈ സന്ദര്‍ശനം കാണിക്കുന്നതെന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി പറഞ്ഞു.
യു.എ.ഇ, സുഡാന്‍, ഇറാന്‍, പാകിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പരിക്കേറ്റവരുമായും അവരുടെ കുടുംബങ്ങളുമായും ശൈഖ് മുഹമ്മദ് കുശലാന്വേഷണം നടത്തി. നിങ്ങളുടെ സുരക്ഷയും യു.എ.ഇയില്‍ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷയും ഉത്തരവാദിത്തവും കടമയുമാണ്. അത് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ യു.എ.ഇ സമൂഹം യഥാര്‍ഥ സ്വഭാവവും അവബോധവും ഐക്യദാര്‍ഢ്യവും സഹകരണവും പ്രകടമാക്കുന്നു. ഇത് നമ്മുടെ ദേശീയ ശ്രമങ്ങളുടെ വിജയത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞു.



