റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.. ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയാണ് സൗദി ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം അൽ-ഖർജ് നഗരത്തിന് പുറത്തുവെച്ച് മൂന്ന് ക്രൂയിസ് മിസൈലുകൾ തടഞ്ഞതായും ഇതേ പ്രദേശത്ത് മൂന്ന് ഡ്രോണുകൾ വെടിവെച്ചിട്ടതായും അദ്ദേഹം അറിയിച്ചു. കൂടാതെ, അൽ-ജൗഫിന് കിഴക്കായി മറ്റൊരു ഡ്രോൺ കൂടി വ്യോമസേന ഇന്നലെ തകർത്തിരുന്നു. വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ സൗദി വ്യോമ പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്ന് തുടർച്ചയായി നടക്കുന്ന ഈ പ്രതിരോധ പ്രവർത്തനങ്ങൾ തെളിയിക്കുന്നതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.



