മസ്‌കത്ത് – ദുഖം തുറമുഖത്തെ ഇന്ധന ടാങ്കുകള്‍ ലക്ഷ്യമിട്ട് ഏതാനും ഡ്രോണുകള്‍ ആക്രമണം നടത്തിയതായി ഒമാന്‍ അറിയിച്ചു. മൂന്ന് ദിവസത്തിനിടെ തുറമുഖത്തിന് നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ദുഖം വാണിജ്യ തുറമുഖത്തെ ഇന്ധന ടാങ്കുകള്‍ ഏതാനും ഡ്രോണുകള്‍ ലക്ഷ്യമിട്ടതായും ഇന്ധന ടാങ്കില്‍ ഒന്നില്‍ ഡ്രോണുകള്‍ ഇടിച്ചതായും സുരക്ഷാ സ്രോതസ്സിനെ ഉദ്ധരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. തല്‍ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കില്ല. ആക്രമണത്തെ അപലപിച്ച ഒമാന്‍, സംഭവം കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
ഞായറാഴ്ച ദുഖം വാണിജ്യ തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി ഒമാന്‍ അറിയിച്ചിരുന്നു. ഡ്രോണുകളില്‍ ഒന്ന് തൊഴിലാളികളുടെ മൊബൈല്‍ താമസസ്ഥലത്ത് ഇടിച്ചു. ഈ സംഭവത്തില്‍ ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റു. മറ്റൊന്നിന്റെ അവശിഷ്ടങ്ങള്‍ ഇന്ധന ടാങ്കുകള്‍ക്ക് സമീപമുള്ള പ്രദേശത്ത് പതിച്ചു. രണ്ടാമത്തെ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആളപായമോ ഭൗതിക നാശമോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



