കുവൈത്ത് സിറ്റി – മിസൈലുകള്‍ തടയുന്നതിന്റെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്ന ആര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സ്വബാഹ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രസിദ്ധീകരിക്കാത്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിക്കുന്നതിനിടെ കുവൈത്ത് ന്യൂസ് ഏജന്‍സിയുമായും കുവൈത്ത് ടി.വി ന്യൂസ് ചാനലുമായും സംസാരിച്ച ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സ്വബാഹ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ പൊതുജനങ്ങള്‍ പാലിക്കണം. പ്രസിദ്ധീകരിക്കാന്‍ അര്‍ഹതയുള്ളത് സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലുകള്‍ പ്രഖ്യാപിക്കും. ഇത് ലംഘിച്ച് വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
പൊതുതാല്‍പ്പര്യത്തിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടുണ്ട്. ഓപ്പറേഷന്‍സ് റൂമിലേക്ക് അയക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വഴി ഉടനടി കൈകാര്യം ചെയ്യും. ആളുകളെയും സ്വത്തുവകളും സംരക്ഷിക്കാനായി സൈറണുകള്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ സ്ഥിതിഗതികള്‍ തൃപ്തികരമാണ്. ഇപ്പോഴത്തെ അടിയന്തരാവസ്ഥ മറികടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്തരവാദിത്തബോധത്തോടെയും പങ്കിട്ട ഏകോപനത്തോടെയും അവരുടെ കടമകള്‍ പൂര്‍ണ്ണമായും നിര്‍വഹിക്കുന്നുണ്ടെന്നും ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സ്വബാഹ് പറഞ്ഞു.
അതേസമയം, കുവൈത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങളെ തകര്‍ക്കുന്ന ഏതൊരാളുടെയും ഏതൊരു ശത്രുതാപരമായ പ്രവൃത്തിയും കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി നിയമത്തിലെ നാലാം ആര്‍ട്ടിക്കിള്‍ വ്യക്തമായി കുറ്റകരമാക്കുന്നതായി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ അഹ്‌മദ് അല്‍കന്ദരി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കും. ശത്രുതാപരമായ പ്രവൃത്തി എന്ന പദം നേരിട്ടുള്ള നടപടികള്‍ക്ക് അപ്പുറം, മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന സംഭവങ്ങളെ ന്യായീകരിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ആഘോഷിക്കുന്ന വീഡിയോ, ഓഡിയോ റെക്കോര്‍ഡിംഗുകളുടെ പ്രസിദ്ധീകരണവും പ്രചാരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് വ്യാപിക്കുന്നു. അത്തരം പെരുമാറ്റം കുവൈത്തിന്റെ വിദേശ ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



