ടെഹ്‌റാൻ– ഗൾഫ് രാജ്യങ്ങളുമായി ഇറാനുള്ള ബന്ധം നിലവിലെ പ്രാദേശിക സംഘർഷങ്ങൾക്കിടയിലും നല്ല രീതിയിൽ ആണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്റെ നടപടികൾ അമേരിക്കയുടെ പ്രാദേശിക സൈനിക സാന്നിധ്യത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും അയൽരാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് ആശങ്കയുണ്ടാകാമെങ്കിലും, ഈ യുദ്ധം അമേരിക്കയുടെയും ഇസ്രായേലിന്റെയും തിരഞ്ഞെടുപ്പാണെന്നും അതിനാൽ അവർക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാൻ തീരത്തെ ടാങ്കർ ആക്രമണം മനഃപൂർവമല്ലെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഹോർമുസ് കടലിടുക്ക് അടയ്ക്കാനോ കപ്പൽഗതാഗതം തടസ്സപ്പെടുത്താനോ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും, പ്രാദേശിക രാജ്യങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തി ടെഹ്റാന്റെ നിലപാടുകൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരുന്ന നിർണ്ണായക നിമിഷത്തിലാണ് ഈ ആക്രമണം നടന്നതെന്നും അദ്ദേഹം വിമർശിച്ചു. നിലവിലെ യുദ്ധം അവസാനിപ്പിക്കുക എന്നത് ചിലർ കരുതുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



