ദോഹ – ഇന്നലെ മുതൽ ഖത്തറിനെതിരെ ഇറാൻ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധം അറിയിച്ചു ഖത്തർ ഭരണകൂടം. ഖത്തറിലെ ഇറാൻ അംബാസഡർ അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് രാജ്യത്തിനെതിരെ നടത്തിയ ആക്രമണത്തിൽ ഖത്തർ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലെ അൽ ഖുലൈഫിയാണ് രാജ്യത്തിൻറെ പ്രതിഷേധം അറിയിച്ചത്.
ആക്രമണം രാജ്യത്തിൻറെ പരമാധികാരത്തെ ലംഘിക്കുന്നതും, ദേശീയ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതും രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനവുമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കുന്നത് നല്ല അയൽക്കാർ എന്നതിന്റെ തത്വങ്ങളെ ഹനിക്കുകയും ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷിക്കുമെന്നും സഹമന്ത്രി പറഞ്ഞു. ആക്രമണങ്ങൾ പൗരന്മാരിൽ ഭയം സൃഷ്ടിക്കുകയും താമസസ്ഥലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര ചർച്ചകളിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.



