കുവൈത്ത്– കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ആക്രമണത്തിൽ നിരവധി തൊഴിലാളികൾക്ക് നിസാര പരിക്കേൽക്കുകയും ടെർമിനൽ 1-ൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ സംഭവം നടന്നതെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-റാജ്ഹി കുവൈത്ത് ന്യൂസ് ഏജൻസിയോട് (KUNA) വ്യക്തമാക്കി. സംഭവസ്ഥലത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിൽ സ്ഥിതിഗതികൾ അധികൃതരുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വിമാന സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, കുവൈത്ത് വ്യോമപരിധി ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ ഈ നീക്കത്തെ കുവൈത്ത് കാബിനറ്റ് ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി. കുവൈത്തിന് പുറമെ യുഎഇ, ബഹ്റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും കുവൈത്ത് അപലപിക്കുകയും ആ രാജ്യങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. യുഎസും ഇസ്രായേലും തങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ ഈ നീക്കം നടത്തിയത്. കുവൈത്തിലെ അലി അൽ-സലേം എയർ ബേസ് ഉൾപ്പെടെയുള്ള യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈലുകളെ കുവൈറ്റ് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു. മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ വ്യോമപാതകൾ അടയ്ക്കുകയും ഫ്ലൈറ്റുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.



