ജിദ്ദ – മേഖലയിലെ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് നേരിട്ട് തങ്ങളുടെ വിമാന കമ്പനികളുമായി ബന്ധപ്പെടാനും വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് സ്ഥിരീകരിക്കാനും സൗദിയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. നിലവിലെ സംഭവങ്ങള്‍ ചില ലക്ഷ്യസ്ഥാനങ്ങളെ ബാധിച്ചിരിക്കുന്നതിനാല്‍, തങ്ങളുടെ വിമാന സര്‍വീസുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ സ്ഥിരീകരിക്കുന്നതിന് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് നേരിട്ട് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു.
കൃത്യമായ വിവരങ്ങള്‍ക്കും ഏതെങ്കിലും അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കുമായി യാത്രക്കാര്‍ എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പതിവായി പരിശോധിക്കണമെന്ന് വിമാനത്താവളം നിര്‍ദേശിച്ചു.
വിമാന സര്‍വീസുകളെയും വ്യോമ ഗതാഗതത്തെയും കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കായി വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം പറഞ്ഞു. എല്ലാ യാത്രക്കാരുടെയും ധാരണക്കും സഹകരണത്തിനും ജിദ്ദ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ നന്ദി പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷ ആശംസിച്ചു. ഈ അലേര്‍ട്ടിന്റെ ഉദ്ദേശ്യം സുഗമമായ യാത്രാനുഭവം ഉറപ്പാക്കുകയും യാത്രക്കാര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സുഖവും മനസ്സമാധാനവും നല്‍കുകയുമാണെന്ന് ജിദ്ദ എയര്‍പോര്‍ട്ട് വ്യക്തമാക്കി.
നിലവിലെ സംഭവങ്ങള്‍ ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ സ്ഥിരീകരിക്കുന്നതിന് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട് അഭ്യര്‍ഥിച്ചു. കൃത്യമായ വിവരങ്ങള്‍ ലഭിക്കാനും അന്വേഷണങ്ങള്‍ക്ക് ഉത്തരം ലഭിക്കാനും എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പിന്തുടണം. യാത്രക്കാരുടെ സുഖം ഉറപ്പാക്കാനാണ് ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് റിയാദ് എയര്‍പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളം വഴിയോ ഖൈസൂമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയോ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ സ്ഥിരീകരിക്കാന്‍ എയര്‍ലൈനുകളെ നേരിട്ട് ബന്ധപ്പെടണമെന്ന് കിംഗ് ഫഹദ് എയര്‍പോര്‍ട്ട് നിര്‍ദേശിച്ചു.
കൃത്യമായ വിവരങ്ങള്‍ ലഭിക്കാനും അന്വേഷണങ്ങള്‍ക്ക് ഉത്തരം ലഭിക്കാനും എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ദമാം എയര്‍പോര്‍ട്ട് ഊന്നിപ്പറഞ്ഞു. ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് ഏതാനും രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്.



