വാഷിംഗ്ടണ്‍ -അമേരിക്കൻ ജനതയുടെ പരമ്പരാഗതമായ വിദേശനയ നിലപാടുകളിൽ വൻ മാറ്റം സംഭവിക്കുന്നതായി പുതിയ ഗാലപ്പ് പോൾ റിപ്പോർട്ട്. പതിറ്റാണ്ടുകളായി ഇസ്രായേലിനെ കണ്ണടച്ച് പിന്തുണച്ചിരുന്ന അമേരിക്കക്കാർക്കിടയിൽ ഇപ്പോൾ ഫലസ്തീനികളോടുള്ള അനുഭാവം നാടകീയമായി വർധിച്ചതായാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഗാസയിൽ തുടരുന്ന രൂക്ഷമായ സൈനിക നടപടികളാണ് ഈ നിലപാട് മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വെറും മൂന്ന് വർഷം മുമ്പുള്ള സാഹചര്യത്തിൽ നിന്ന് തികച്ചും വിഭിന്നമായ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മൂന്ന് വർഷം മുൻപ് 54 ശതമാനം അമേരിക്കക്കാരും ഇസ്രായേലിനെ പിന്തുണച്ചിരുന്നപ്പോൾ ഫലസ്തീൻ പക്ഷത്ത് നിലയുറപ്പിച്ചത് 31 ശതമാനം പേർ മാത്രമായിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 41 ശതമാനം പേർ ഫലസ്തീനികളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നു. അതേസമയം, ഇസ്രായേലിനോടുള്ള അനുഭാവം 36 ശതമാനമായി കുറയുകയും ചെയ്തു.


അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള ഇത്തരം നിലപാട് മാറ്റങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും വിദേശനയ രൂപീകരണത്തിലും വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കിയേക്കാം. യുവതലമുറയ്ക്കിടയിലും ഡെമോക്രാറ്റിക് പാർട്ടി അനുഭാവികൾക്കിടയിലുമാണ് ഈ മാറ്റം ഏറ്റവും പ്രകടമായി കാണപ്പെടുന്നത്.



