തിരുവനന്തപുരം: മാധ്യമം പത്രത്തിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ജീവനക്കാരുടെ സമരം താൽക്കാലികമായി നിർത്തിവെച്ചു. തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇന്ന് നടന്ന നിർണായക ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. യോഗത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി ഭാരവാഹികൾ, മാധ്യമം എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ, പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മാധ്യമത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴിൽ പ്രശ്‌നങ്ങളെയും സംബന്ധിച്ച് പഠിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ യോഗം ചുമതലപ്പെടുത്തി. ഇടക്കാല തീരുമാനമെന്ന നിലയിൽ മാർച്ച് 15-ന് ഒരു മാസത്തെ പൂർണ്ണ ശമ്പളവും ഏപ്രിൽ 15-ന് മറ്റൊരു മാസത്തെ പൂർണ്ണ ശമ്പളവും വിതരണം ചെയ്യാൻ ധാരണയായി. കൂടാതെ, സമരകാലയളവിൽ നടന്ന സ്ഥലംമാറ്റങ്ങളിൽ ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിക്കുകയും ഈ കാര്യത്തിൽ പരിഗണനയുണ്ടാകുമെന്ന് മാധ്യമം സി.ഇ.ഒ ഉറപ്പുനൽകുകയും ചെയ്തു.
ലേബർ കമ്മീഷണർ സഫ്‌ന നസറുദീൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജ് തോമസ്, പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളായ കെ.പി. റെജി, സുരേഷ് എടപ്പാൾ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.



