റാമല്ല – വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ ഈ ആഴ്ച അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇതാദ്യമായാണ് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തെ ജൂതകുടിയേറ്റക്കാര്‍ക്ക് യു.എസ് കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ അത്തരം സേവനങ്ങള്‍ നല്‍കുന്നത്. വിദേശത്തുള്ള എല്ലാ അമേരിക്കക്കാരിലും എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഫെബ്രുവരി 27 വെള്ളിയാഴ്ച എഫ്രാത്തില്‍ കോണ്‍സുലാര്‍ ജീവനക്കാര്‍ പതിവ് പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുമെന്ന് ജറൂസലമിലെ യു.എസ് എംബസി എക്‌സിലെ പോസ്റ്റില്‍ അറിയിച്ചു. ഫലസ്തീന്‍ നഗരമായ ബെത്ലഹേമിന് തെക്കുള്ള ജൂതകുടിയേറ്റ കോളനിയാണ് എഫ്രാത്ത്. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലും ബെത്ലഹേമിനടുത്തുള്ള ബെയ്തര്‍ ഇല്ലിറ്റ് കുടിയേറ്റ കോളനിയിലും ഹൈഫ പോലുള്ള ഇസ്രായിലിലെ നഗരങ്ങളിലും സമാനമായ സേവനങ്ങള്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്ന് എംബസി അറിയിച്ചു. ജറൂസലമിലെ എംബസിയിലും തെല്‍ അവീവിലെ ബ്രാഞ്ച് ഓഫീസിലും അമേരിക്ക പാസ്പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നു. പതിനായിരക്കണക്കിന് യു.എസ്-ഇസ്രായില്‍ പൗരന്മാര്‍ വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നു. വെസ്റ്റ് ബാങ്കിലെ ഒരു കുടിയേറ്റ കോളനിയില്‍ ഞങ്ങള്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നത് ഇതാദ്യമാണെന്ന് ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എംബസി വക്താവ് പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര്‍ക്ക് സമാനമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സൈനിക അധിനിവേശം സംബന്ധിച്ച അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റ കോളനികള്‍ നിയമവിരുദ്ധമാണെന്ന് മിക്ക രാജ്യങ്ങളും കരുതുന്നു. ജൂതകുടിയേറ്റ കോളനികളുടെ നിയമവിരുദ്ധതയെ ഇസ്രായില്‍ എതിര്‍ക്കുന്നു. വെസ്റ്റ് ബാങ്കിനെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ഇസ്രായിലി വലതുപക്ഷ വാദികളില്‍ പലരും ആവശ്യപ്പെടുന്നുമുണ്ട്. വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, കിഴക്കന്‍ ജറൂസലം എന്നിവ ഉള്‍പ്പെടുത്തി ഭാവി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീനികള്‍ ശ്രമിക്കുന്നു. ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാന്‍ കുടിയേറ്റക്കാരെ സഹായിക്കുന്ന നടപടികള്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ ഇസ്രായില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. ഇസ്രായിലിന്റെ കടുത്ത പിന്തുണക്കാരനായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ട്രംപ് ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ട്രംപ് അധികാരമേറ്റതിനുശേഷം ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ പറയുന്നു.



