മക്ക – റമദാനില്‍ ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും വേണ്ടി പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ ഒരുക്കി. വിശ്വാസികളുടെ പ്രവേശനക്ഷമതക്കും സുഖസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ സ്ഥലങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇരു ഹറമുകളിലെയും സന്ദര്‍ശകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും റമദാന്‍ മാസത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആരാധന സുഗമമാക്കാനുള്ള ഹറംകാര്യ വകുപ്പിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്.
വിശുദ്ധ ഹറമിന്റെ പ്രധാന കവാടങ്ങള്‍ക്ക് സമീപമാണ് ഈ നമസ്‌കാര സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സംസം വെള്ളവും മുസ്ഹഫ് കോപ്പികളും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഹറമിനുള്ളില്‍ അവരുടെ അനുഭവം മെച്ചപ്പെടുത്താനും, ആരാധകര്‍ക്ക് നമസ്‌കാരങ്ങള്‍ എളുപ്പത്തിലും ശാന്തതയിലും നിര്‍വഹിക്കാന്‍ സഹായിക്കുന്ന അനുകൂല അന്തരീക്ഷം നല്‍കാനും ഇത് സഹായിക്കുന്നു. താഴത്തെ നിലയില്‍ ഗേറ്റ് 68 ന് എതിര്‍വശം, ഒന്നാം നിലയില്‍ ഗേറ്റ് 91 ന് എതിര്‍വശം, അജ്‌യാദ് പാലത്തിന് സമീപമുള്ള തെക്കു മുറ്റത്തെ നമസ്‌കാര സ്ഥലം, കിഴക്കു മുറ്റത്തെ നമസ്‌കാര സ്ഥലങ്ങള്‍, ഗേറ്റ് 123 ന് സമീപമുള്ള മൂന്നാം സൗദി വികസനത്തിലെ നമസ്‌കാര സ്ഥലങ്ങള്‍ എന്നിവ അടക്കം പുരുഷന്മാര്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന നമസ്‌കാര പ്രദേശങ്ങളില്‍ നിരവധി പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. താഴത്തെ നിലയില്‍ ഗേറ്റ് 88 ന് സമീപം, താഴത്തെ നിലയില്‍ ശുബൈക്ക ഏരിയയില്‍ ഗേറ്റ് 68 ന് സമീപം, അജ്‌യാദ് പാലത്തിന് സമീപമുള്ള തെക്കു മുറ്റത്തെ നമസ്‌കാര സ്ഥലം എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വികലാംഗരും പ്രായമായവരുമായ സ്ത്രീകള്‍ക്കായി നമസ്‌കാര സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണവും ശ്രദ്ധയും നല്‍കാനും, സുഖകരവും സുരക്ഷിതവും ആത്മീയമായി സമ്പന്നവുമായ അന്തരീക്ഷത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കാനുമുള്ള സൗദി ഭരണാധികാരികളുടെ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന നിലക്ക്, മതപരമായ ആചാരങ്ങള്‍ സുഗമമാക്കാനും തീര്‍ഥാടകരുടെ അനുഭവം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് വിശുദ്ധ റമദാന്‍ മാസത്തില്‍ ഹറംകാര്യ വകുപ്പ് നടപ്പാക്കുന്ന സേവനങ്ങളുടെയും വികസന സംരംഭങ്ങളുടെയും സമഗ്രമായ സംവിധാനത്തിന്റെ ഭാഗമാണ് ഹറംകാര്യ വകുപ്പിന്റെ ഈ തയ്യാറെടുപ്പ്.



