റാമല്ല – വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ ഫലസ്തീന്‍ ബാലനും യുവതിയും കൊല്ലപ്പെട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസിന് കിഴക്ക് ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റ് ഫലസ്തീന്‍ കൗമാരക്കാരന്‍ മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് വെടിവെപ്പിലാണ് ഫലസ്തീന്‍ വനിത മരിച്ചതെന്ന് ഗാസ മുനമ്പിലെ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നബ്ലസിന് കിഴക്കുള്ള ബെയ്ത്ത് ഫൂരിക് ഗ്രാമത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് വഹ്ബി അബ്ദുല്‍അസീസ് ഹനനി (17) മരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കൗമാരക്കാരന്റെ ശിരസ്സിനാണ് വെടിയേറ്റതെന്നും നില ഗുരുതരമായിരുന്നെന്നും നബ്ലസിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതേ സംഭവത്തില്‍ 16 വയസ്സുള്ള മറ്റൊരു ബാലന് കാലില്‍ വെടിയേറ്റു. ഇരുവരെയും ചികിത്സക്കായി റാഫിദിയ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മുഹമ്മദ് വഹ്ബി അബ്ദുല്‍അസീസ് ഹനനിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ജൂതകുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷം നിലനിന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇസ്രായില്‍ സൈന്യം ബെയ്ത്ത് ഫൂരിക്കില്‍ സാന്നിധ്യം നിലനിര്‍ത്തിയതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഒരു സിവിലിയന്‍ വാഹനം ലക്ഷ്യം വെച്ച് വെടിവെപ്പും നടന്നു. വെടിവെപ്പില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. അര്‍ധരാത്രിക്ക് ശേഷം ഇസ്രായില്‍ സൈന്യം ഗ്രാമത്തിലേക്ക് ഇരച്ചുകയറി നിരവധി പ്രദേശങ്ങളില്‍ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
2023 ഒക്ടോബറില്‍ ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം വെസ്റ്റ് ബാങ്കിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായിലി റെയ്ഡുകളുടെയും സൈനിക നടപടികളുടെയും ആവൃത്തി വര്‍ധിച്ചുവരികയാണ്. നബ്ലസ്, ജെനിന്‍, തൂല്‍കറം എന്നിവയുള്‍പ്പെടെ വടക്കന്‍ വെസ്റ്റ് ബാങ്കില്‍, ഇസ്രായില്‍ സൈന്യം മിക്കവാറും എല്ലാ ദിവസവും റെയ്ഡുകളും അറസ്റ്റുകളും നടത്തുന്നു. ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്കും പട്ടണങ്ങള്‍ക്കുമെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളും വര്‍ധിച്ചു. ഏറ്റുമുട്ടലുകളിലും റെയ്ഡുകളിലും മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം വര്‍ധിച്ചതായി ഫലസ്തീന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയ സ്‌ക്വയറിന് സമീപം വെടിയേറ്റ് 27 കാരിയായ ബസ്മ അറാം ബനാത്ത് കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റാണ് 27 കാരി മരിച്ചതെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ വാര്‍ത്താ വിവര ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ നഗരത്തിന് കിഴക്ക് ഇസ്രായിലി യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയതായും വിമാനങ്ങള്‍ താഴ്ന്ന ഉയരത്തില്‍ പറന്നതായും വടക്കന്‍ ഗാസ മുനമ്പിലും കിഴക്കും ബുറൈജ് അഭയാര്‍ഥി ക്യാമ്പിന്റെ മധ്യഭാഗത്തും സൈനിക വാഹനങ്ങള്‍ വെടിയുതിര്‍ത്തതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗാസ മുനമ്പില്‍, ഖാന്‍ യൂനിസിന് കിഴക്ക് ഇസ്രായിലി സൈനിക വാഹനങ്ങളില്‍ നിന്ന് കനത്ത വെടിവെപ്പുണ്ടായി. ഗാസ നഗരത്തിന് കിഴക്കുള്ള സെയ്തൂന്‍, ശുജാഇയ്യ ഡിസ്ട്രിക്ടുകളിലും സമാനമായ വെടിവെപ്പ് ഉണ്ടായി.
കഴിഞ്ഞ ദിവസം രാത്രി, ഖാന്‍ യൂനിസിന് കിഴക്കുള്ള പ്രദേശങ്ങളിലും തെക്കന്‍ ഗാസ മുനമ്പിലെ റാഫ നഗരത്തിലും ഇസ്രായിലി പീരങ്കി ഷെല്ലാക്രമണമുണ്ടായതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹമാസും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നെങ്കിലും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 614 ആയി ഉയര്‍ന്നതായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1,643 പേര്‍ക്ക് പരിക്കേറ്റു. യുദ്ധത്തില്‍ കൊല്ലപ്പെട്ട 726 പേരുടെ മൃതദേഹങ്ങള്‍ ഇതേ കാലയളവില്‍ കണ്ടെടുത്തു. 2023 ഒക്ടോബര്‍ 7 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഉണ്ടായ മൊത്തം മരണസംഖ്യ 72,000 ല്‍ കൂടുതലായി ഉയര്‍ന്നു. 171,000 ലേറെ പേര്‍ക്ക് പരിക്കേറ്റു.



