ന്യൂയോര്‍ക്ക് – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ തങ്ങളുടെ നിയമവിരുദ്ധ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നടപടികള്‍ ഇസ്രായില്‍ സ്വീകരിച്ചതിനെ ഐക്യരാഷ്ട്രസഭയിലെ 85 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. ഫലസ്തീന്‍ ഭൂമി ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ഈ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ ഭൂമി വാങ്ങുന്നത് സുഗമമാക്കുന്ന നടപടികള്‍ ഇസ്രായില്‍ അംഗീകരിച്ച് ഒരാഴ്ച പിന്നിട്ട ശേഷം, 1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്‌ട്രേഷന്‍ പ്രക്രിയ വേഗത്തിലാക്കാനും വെസ്റ്റ് ബാങ്കിലെ ഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റാനും ഇസ്രായില്‍ സര്‍ക്കാര്‍ ഞായറാഴ്ച തീരുമാനിച്ചു.
ഫ്രാന്‍സ്, ചൈന, സൗദി അറേബ്യ, റഷ്യ എന്നിവയുള്‍പ്പെടെ 85 യു.എന്‍ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍, അറബ് ലീഗ് പോലുള്ള നിരവധി സംഘടനകളും വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ സാന്നിധ്യം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായിലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെയും നടപടികളെയും അപലപിച്ചു. ഈ തീരുമാനങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇസ്രായിലിന്റെ ബാധ്യതകള്‍ക്ക് വിരുദ്ധമാണെന്നും അവ ഉടനടി പിന്‍വലിക്കണമെന്നും ന്യൂയോര്‍ക്കില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. വെസ്റ്റ് ബാങ്ക് ഭൂമി ഏതെങ്കിലും തരത്തില്‍ ഇസ്രായില്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ പ്രസ്താവന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ 1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശത്തിന്റെ ജനസംഖ്യാ ഘടന, സ്വഭാവം, നിയമപരമായ പദവി എന്നിവ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളെയും തങ്ങള്‍ നിരാകരിക്കുന്നതായി പ്രസ്താവന തുടര്‍ന്നു. ഇസ്രായിലിന്റെ ഇത്തരം നയങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും സംഘര്‍ഷം അവസാനിപ്പിക്കുന്ന സമാധാന കരാറിനുള്ള സാധ്യതകളെ ഭീഷണിപ്പെടുത്തുന്നതായും 85 രാജ്യങ്ങളും സംഘടനകളും മുന്നറിയിപ്പ് നല്‍കി. മേഖലയെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥിരീകരിച്ചതുപോലെ നിയമവിരുദ്ധവുമാകുന്ന പുതിയ നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച ഇസ്രായിലിനോട് ആവശ്യപ്പെട്ടിരുന്നു.
1967 മുതല്‍ എല്ലാ ഇസ്രായിലി ഗവണ്‍മെന്റുകളുടെയും കീഴില്‍ വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇസ്രായിലിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സര്‍ക്കാരുകളില്‍ ഒന്നായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലവിലെ ഗവണ്‍മെന്റിന് കീഴില്‍ അതിന്റെ വേഗത ഗണ്യമായി വര്‍ധിച്ചു. ഇസ്രായില്‍ പിടിച്ചടക്കി ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ ജറൂസലമിന് പുറത്ത്, ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കുന്ന ജൂതകുടിയേറ്റ കോളനികളില്‍ 5,00,000 ലേറെ ഇസ്രായിലികള്‍ ഇപ്പോള്‍ താമസിക്കുന്നു. വെസ്റ്റ് ബാങ്കില്‍ 30 ലക്ഷം പലസ്തീനികളും അധിവസിക്കുന്നു.



