ജിദ്ദ – പുണ്യ റമദാന്‍ മാസത്തില്‍ സൗദിയിലെ ഏതാനും നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശന സമയം ക്രമീകരിക്കുന്ന നിയന്ത്രണങ്ങള്‍ ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. ഗതാഗതം മെച്ചപ്പെടുത്താനും തിരക്കേറിയ സമയങ്ങളിലെ തിരക്ക് കുറക്കാനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ചില സേവന മേഖലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജിദ്ദയില്‍ വാട്ടര്‍ ടാങ്കറുകള്‍ക്കും മാലിന്യം നീക്കം ചെയ്യുന്ന ട്രക്കുകള്‍ക്കും നിയന്ത്രണങ്ങളില്ലാതെ ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവേശനം അനുവദിക്കും. മറ്റ് ട്രക്കുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രണ്ട് സമയങ്ങളില്‍ ട്രക്കുകള്‍ ജിദ്ദയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. രാവിലെ 9:00 മുതല്‍ വൈകീട്ട് 7:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയുമാണ് ഈ ദിവസങ്ങളില്‍ ട്രക്കുകള്‍ ജിദ്ദ നഗരത്തില്‍ പ്രവേശിക്കുന്നതിനും നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിനും വിലക്കുള്ളത്. വ്യാഴാഴ്ചകളില്‍ വിലക്ക് പുലര്‍ച്ചെ 3:00 വരെ നീണ്ടുനില്‍ക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 4:00 മുതല്‍ 7:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 3:00 വരെയുമാണ് ട്രക്കുകള്‍ക്ക് വിലക്കുള്ളത്. ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 1:00 ന് വിലക്ക് അവസാനിക്കും.
കിഴക്കന്‍ പ്രവിശ്യയില്‍ ദമാം, ദഹ്റാന്‍, അല്‍കോബാര്‍ എന്നീ നഗരങ്ങളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മൂന്ന് സമയങ്ങളില്‍ ട്രക്കുകള്‍ക്ക് പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9:00 മുതല്‍ 11:00 വരെയും ഉച്ചകഴിഞ്ഞ് 3:00 മുതല്‍ വൈകീട്ട് 6:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 12:00 വരെയുമാണ് ട്രക്കുകള്‍ക്ക് മൂന്നു നഗരങ്ങളിലും വിലക്കുള്ളത്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3:00 മുതല്‍ വൈകുന്നേരം 6:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 12:00 വരെയും രണ്ട് സമയങ്ങളിലാണ് വിലക്ക് നിലവിലുണ്ടാവുക.



