റിയാദ് – പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സല്‍മാന്‍ രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അല്‍ബാഹ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫഹദ് ബിന്‍ സഅദ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, ശൂറാ കൗണ്‍സില്‍ അംഗം ഡോ. സഅദ് ബിന്‍ സൗദ് ബിന്‍ മുഹമ്മദ് രാജകുമാരന്‍, മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരന്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, നിക്ഷേപ മന്ത്രി ഫഹദ് ബിന്‍ അബ്ദുല്‍ജലീല്‍ ബിന്‍ അലി ആലുസൈഫ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറു കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാല്‍പര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാര്‍ഥതയോടെയും നീതിപൂര്‍വമായും കൃത്യനിര്‍വഹണം നടത്തുമെന്നും അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നുവെന്ന വാചകം ഉരുവിട്ടാണ് ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, സല്‍മാന്‍ രാജാവിന്റെ ഡെപ്യൂട്ടി പ്രൈവറ്റ് സെക്രട്ടറി തമീം ബിന്‍ അബ്ദുല്‍ അസീസ് അല്‍സാലിം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതായിരുന്നു.



