ന്യൂ ഡൽഹി– അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും ശക്തമാകുന്നു. മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ ഇസ്രായേൽ സന്ദർശനമാണിത്. സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ ബന്ധത്തെ അതിശക്തമെന്നും തന്ത്രപരമെന്നും വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഒന്നര ശതകോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇസ്രായേലിന് ലഭിക്കുന്ന സ്വീകാര്യതയെ പ്രശംസിക്കുകയും ചെയ്തു. ഡൽഹിയിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്ക് ശേഷമായിരിക്കും സന്ദർശനമെന്നാണ് സൂചന.
എന്നാൽ, പ്രധാനമന്ത്രിയുടെ യാത്രയ്‌ക്കെതിരെ ഫലസ്തീൻ അനുകൂല സംഘടനയായ ‘ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ’ (IPSP) രംഗത്തെത്തി. 2025 ഒക്ടോബറിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഫലസ്തീനികൾക്കെതിരായ ആക്രമണം ഇസ്രായേൽ തുടരുകയാണെന്ന് അവർ ആരോപിച്ചു. വെടിനിർത്തലിന് ശേഷമുള്ള അഞ്ച് മാസത്തിനിടെ 500-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടി, ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര-വ്യാപാര ബന്ധങ്ങളും ഇന്ത്യ വിച്ഛേദിക്കണമെന്നും ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ഗസ്സ പീസ് ബോർഡിൽ’ ഇന്ത്യ ചേരരുതെന്നും അവർ ആവശ്യപ്പെട്ടു.
ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഈ സന്ദർശനം പ്രതിരോധ മേഖലയിൽ വലിയ പ്രാധാന്യമുള്ളതാണ്. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയായ ഇസ്രായേലിൽ നിന്ന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഉഭയകക്ഷി സഹകരണത്തിന് പുറമെ സ്വതന്ത്ര വ്യാപാര കരാർ, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം എന്നിവയും മോദി-നെതന്യാഹു ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും. കൂടാതെ, ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ‘ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി’ക്ക് (IMEC) ഈ സന്ദർശനം പുത്തൻ ഉണർവ് നൽകുമെന്നും കരുതപ്പെടുന്നു.



