വാഷിംഗ്ടണ്‍ – ഗാസ സമാധാന ബോര്‍ഡ് അംഗങ്ങള്‍ ഗാസ പുനര്‍നിര്‍മ്മാണത്തെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്നതിന് 500 കോടിയിലേറെ ഡോളര്‍ വാഗ്ദാനം ചെയ്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. അടുത്ത വ്യാഴാഴ്ച വാഷിംഗ്ടണില്‍ ചേരുന്ന പീസ് ബോര്‍ഡിന്റെ ആദ്യ ഔദ്യോഗിക യോഗത്തില്‍ യു.എസ് പ്രസിഡന്റ് വലിയ പ്രതീക്ഷകള്‍ പ്രകടിപ്പിച്ചു. തന്റെ ആഗോള അഭിലാഷങ്ങളെ കുറിച്ചും, ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിലും ഗാസയിലെ സിവിലിയന്മാര്‍ക്കായി അഭിലാഷ ദര്‍ശനം അവതരിപ്പിക്കുന്നതിലും തന്റെ ഭരണകൂടത്തിന്റെ വിജയത്തെ കുറിച്ചും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ യു.എസ് പ്രസിഡന്റ് സംസാരിച്ചു.
ലോകസമാധാനം കൈവരിക്കാനുള്ള സാധ്യത പ്രഖ്യാപിച്ച ട്രംപ്, പീസ് ബോര്‍ഡിനെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടന എന്ന് വിശേഷിപ്പിച്ചു.
സമാധാന ബോര്‍ഡിന് പരിധിയില്ലാത്ത ശേഷികളുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍, ഗാസയിലെ സംഘര്‍ഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഞാന്‍ ഒരു പദ്ധതിക്ക് സമാരംഭം കുറിച്ചു. യു.എന്‍ രക്ഷാ സമിതി ഞങ്ങളുടെ കാഴ്ചപ്പാട് ഏകകണ്ഠമായി അംഗീകരിച്ചു. അതിനുശേഷം താമസിയാതെ, റെക്കോര്‍ഡ് വേഗതയില്‍ ഗാസയില്‍ മാനുഷിക സഹായം വിതരണം ചെയ്യാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കുകയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം, സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ 20 ഓളം പ്രമുഖ സ്ഥാപക അംഗങ്ങള്‍ എന്നോടൊപ്പം ചേര്‍ന്ന് സമാധാന ബോര്‍ഡ് സ്ഥാപനം ഔദ്യോഗികമായി ആഘോഷിക്കുകയും ഗാസയിലെ സിവിലിയന്മാര്‍ക്കും ഗാസക്ക് അപ്പുറത്തുള്ളവര്‍ക്കും ആഗോള സമാധാനത്തിനായുള്ള അഭിലാഷകരമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ ഡി.സിയിലെ ഡൊണാള്‍ഡ് ജെ. ട്രംപ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ നടക്കുന്ന പീസ് ബോര്‍ഡ് യോഗത്തില്‍ താന്‍ പങ്കെടുക്കും.
ഗാസയിലെ മാനുഷിക, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിന് അംഗരാജ്യങ്ങള്‍ 500 കോടിയിലേറെ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗാസയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് അന്താരാഷ്ട്ര സേനയിലും ലോക്കല്‍ പോലീസിലും വിന്യസിക്കാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
സമ്പൂര്‍ണവും ഉടനടിയുള്ളതുമായ നിരായുധീകരണത്തിനുള്ള പ്രതിബദ്ധത നിറവേറ്റാന്‍ ട്രംപ് ഹമാസിനോട് ആഹ്വാനം ചെയ്തു. പീസ് ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനയാണെന്ന് തെളിയിക്കും. അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ബഹുമതി തോന്നുന്നു എന്ന് വീമ്പിളക്കിയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.
2025 അവസാനത്തോടെ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ഗാസ പുനര്‍നിര്‍മ്മിക്കാനുള്ള ട്രംപിന്റെ പദ്ധതി നടപ്പാക്കാനുള്ള നിര്‍ണായക ചുവടുവെപ്പായി കണക്കാക്കപ്പെടുന്ന ഈ യോഗത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചുവരുന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വിദേശ മന്ത്രിമാരും ഉള്‍പ്പെടെ 27 സ്ഥാപക അംഗങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരെയും ഉന്നതതല പ്രതിനിധികളെയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരീക്ഷകരെയും യോഗം ഒരുമിച്ച് കൊണ്ടുവരും.
ഗാസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 500 കോടിയിലേറെ ഡോളര്‍ നീക്കിവെച്ചും മാനുഷിക, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചും ധീരമായ പ്രഖ്യാപനങ്ങള്‍ യോഗം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങള്‍ ഈ പ്രഖ്യാപനങ്ങളെ പിന്തുണക്കും. ഹമാസിനുള്ള കര്‍ശനമായ വ്യവസ്ഥകളും യോഗം പ്രഖ്യാപിക്കും. ഗാസ ഭരണത്തിനുള്ള ഫലസ്തീന്‍ സാങ്കേതിക സര്‍ക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സൈനിക പ്രതിബദ്ധതകളും പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
ആയിരക്കണക്കിന് സൈനികര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സ്ഥിരത സേനയും പ്രാദേശിക പോലീസ് സേനയും രൂപീകരിക്കുന്നതിന്റെ വിശദാംശങ്ങളും യോഗം വെളിപ്പെടുത്തും. സാമ്പത്തിക, സുരക്ഷാ പ്രതിജ്ഞകളിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളുടെ അഭാവം സമാധാന ബോര്‍ഡിനെ ഐക്യരാഷ്ട്രസഭക്ക് നിയമവിരുദ്ധമായ ഒരു ബദല്‍ ആയി കാണുന്ന പരമ്പരാഗത യു.എസ് സഖ്യകക്ഷികളില്‍ നിന്ന് വര്‍ധിച്ചുവരുന്ന സംശയം മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഗാസയുടെ ഭാവിക്ക് നിര്‍ണായകമായ ഒരു നിമിഷം, പക്ഷേ അതിന്റെ നിയമസാധുതയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്ന് എന്നാണ് നിരീക്ഷകര്‍ സമാധാന ബോര്‍ഡ് യോഗത്തെ വിശേഷിപ്പിച്ചത്.



