കുവൈത്ത് സിറ്റി – വന്‍ മയക്കുമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്തിയതില്‍ കുറ്റക്കാരായ അഞ്ച് ഇറാനികള്‍ക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് 175 കിലോഗ്രാം ഹാഷിഷും മറ്റു മയക്കുരുന്നുകളും കടല്‍ വഴി കടത്തിയതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിമിനല്‍ കോടതി അഞ്ച് പ്രതികള്‍ക്കും നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്പീഡ് ബോട്ടിലാണ് സംഘം മയക്കുമരുന്ന് കടത്തിയത്. കുവൈത്ത് പ്രാദേശിക ജലാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിനിടെ പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു. 26 അടി നീളമുള്ള സ്പീഡ് ബോട്ടില്‍ മയക്കുമരുന്നുകള്‍ കയറ്റിയ ശേഷം ഇറാനില്‍ നിന്ന് കുവൈത്ത് ലക്ഷ്യമാക്കി പുറപ്പെട്ടതായും തങ്ങള്‍ മയക്കുമരുന്ന് അടിമകളാണെന്നും മുന്‍ ധാരണ പ്രകാരം കുവൈത്തിലുള്ള ഒരാള്‍ക്ക് മയക്കുമരുന്ന് ശേഖരം കൈമാറാനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.



