തെല്‍അവീവ് – ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് സിഗരറ്റുകളും മറ്റ് സാധനങ്ങളും കടത്തിയ സംഭവത്തിൽ, ഇസ്രായിൽ ആഭ്യന്തര സുരക്ഷാ സേവനമായ ഷിൻ ബെറ്റിന്റെ മേധാവി ഡേവിഡ് സിനിയുടെ സഹോദരൻ ബെറ്റ്സലേൽ സിനിക്കെതിരെ ഇസ്രായിൽ സ്റ്റേറ്റ് അറ്റോർണി ഓഫീസ് കുറ്റപത്രം സമർപ്പിച്ചു. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു, ഭീകരവാദ ആവശ്യങ്ങൾക്കായി സ്വത്ത് കൈകാര്യം ചെയ്തു, കൈക്കൂലി വാങ്ങി, വഞ്ചനയിലൂടെ പണം സമ്പാദിച്ചു തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് 50-കാരനായ ബെറ്റ്സലേലിനും മറ്റ് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഒക്ടോബർ 10 മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗാസയിലേക്കുള്ള ചരക്കുനീക്കം ഇസ്രായിൽ കർശനമായി നിയന്ത്രിക്കവെയാണ് ഈ കള്ളക്കടത്ത് നടന്നത്. ഇസ്രായിൽ ആർമി റിസർവ് ഉദ്യോഗസ്ഥൻ കൂടിയായ ബെറ്റ്സലേൽ, ഗാസയിലെ സിവിൽ എൻജിനീയറിംഗ് ടീമിന്റെ ചുമതല ദുരുപയോഗം ചെയ്താണ് വാഹനങ്ങൾ കടത്തിവിട്ടത്. മൂന്ന് തവണകളായി ഏകദേശം 7,000 പാക്കറ്റ് സിഗരറ്റുകൾ കടത്തിയതിലൂടെ 3,65,000 ഷെക്കൽ (1,17,000 ഡോളർ) ഇയാൾ സമ്പാദിച്ചതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി.
സിഗരറ്റിന് പുറമെ ഐഫോണുകൾ, ബാറ്ററികൾ, ടെലികോം കേബിളുകൾ, കാർ ഭാഗങ്ങൾ എന്നിവയും സംഘടിതമായി ഗാസയിലേക്ക് കടത്തിയതായി അധികൃതർ പറഞ്ഞു . വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ ശൃംഖല, സുരക്ഷാ ആവശ്യങ്ങൾക്കെന്ന വ്യാജേന സൈനികരെ തെറ്റിദ്ധരിപ്പിച്ചാണ് അതിർത്തി കടന്നിരുന്നത്. കള്ളക്കടത്തിലൂടെ എത്തിയ ഈ സാധനങ്ങൾ, പ്രത്യേകിച്ച് സിഗരറ്റുകൾ, ഹമാസിന്റെ ഖജനാവിലേക്ക് കോടിക്കണക്കിന് ഷെക്കൽ എത്തിക്കാൻ സഹായിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം വേനൽക്കാലത്ത് ആരംഭിച്ച ഈ വ്യവസ്ഥാപിതമായ കള്ളക്കടത്തിൽ ബെറ്റ്സലേലിനെ കൂടാതെ മറ്റ് 11 വ്യക്തികളെയും ഒരു കമ്പനിയെയും പ്രതിചേർത്തിട്ടുണ്ട്. ഭീകരവാദ സംഘടനകളെ ശക്തിപ്പെടുത്തുന്ന നടപടിയാണിതെന്ന് ബോധ്യമുണ്ടായിട്ടും ലാഭത്തിന് വേണ്ടിയാണ് പ്രതികൾ ഇത് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.



