ദിബ്രുഗഢ്– 79-ാം സന്തോഷ് ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരള തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ എത്തുന്നത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. മുഹമ്മദ് റിയാസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ അജ്സൽ, വിഘ്‌നേഷ് എന്നിവർ ഓരോ തവണയും വല കുലുക്കി
ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് കേരള മുന്നിലെത്തിയിരുന്നു. മത്സരം ആരംഭിച്ച മുതൽ തന്നെ ആക്രമിച്ചു കളിച്ച കേരള പഞ്ചാബ് പ്രതിരോധ താരങ്ങൾക്ക് തലവേദന സൃഷ്ടിച്ചു. പതിനഞ്ചാം മിനുറ്റിൽ അർജുൻ എടുത്ത കോർണറിന് തല വെച്ച് അജ്സലാണ് കേരളത്തിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്. 34-ാം മിനുറ്റിൽ മറ്റൊരു കോർണറിലൂടെ റിയാസ് ലീഡ് വർധിപ്പിച്ചു. ആദ്യപകുതിക്ക് പിരിയുന്നതിന് മിനുറ്റുകൾക്ക് മികച്ച ഒരു അറ്റാക്കിങ്ങിലൂടെ വിഘ്‌നേഷും സ്കോർ ചെയ്തതോടെ കേരള മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി.
രണ്ടാം പകുതിയിലും പലതവണ കേരള പഞ്ചാബ് ഗോൾ മുഖം വിറപ്പിച്ചു. ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചു വരാനായി എതിരാളികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും കേരള താരങ്ങളുടെ മികച്ച പ്രതിരോധം തിരിച്ചടിയായി. 74-ാം മിനുറ്റിൽ പഞ്ചാബ് താരം ഹർജിത് ചുവപ്പ് കാർഡ് കണ്ടു മടങ്ങിയതും ടീമിന് ഇരട്ട പ്രഹരം നൽകി. 83-ാം മിനുറ്റിൽ റിയാസ് വീണ്ടും വല കുലുക്കിയതോടെ കേരള വിജയം ഉറപ്പിച്ചു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കേരള സർവീസസിനെ നേരിടും. റെയിൽവേസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സർവീസസ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ കേരള സർവീസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി അറിഞ്ഞിരുന്നു.
തുടർച്ചയായ രണ്ടാം തവണയാണ് കേരള കലാശ പോരാട്ടത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം അവസാനം നിമിഷം വഴങ്ങിയ ഗോളിൽ പശ്ചിമബംഗാളിനോട് പരാജയപ്പെടുകയായിരുന്നു. കേരള അവസാനമായി കിരീടം നേടിയത് 2021 ൽ ബംഗാളിനെ പരാജയപ്പെടുത്തിയാണ്.



