ജിദ്ദ – കഴിഞ്ഞ സൗദി പ്രോ ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നസ്ർ ക്ലബ്ബിനു വേണ്ടി കളിക്കാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അസാധാരണമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ട്രെന്‍ഡ് ചെയ്യുന്നു. സൗദി അറേബ്യയില്‍ തയ്യാറാക്കിയതായി പറയപ്പെടുന്ന പരിഹാസ മിസ്സിംഗ് പേഴ്‌സണ്‍ നോട്ടീസാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. കടുത്ത കരച്ചില്‍ പ്രശ്നമുള്ള 40 വയസ്സുള്ള ഒരാളെ കാണാതായതായി പോസ്റ്റര്‍ നര്‍മ്മത്തില്‍ വിവരിക്കുന്നു. നോട്ടീസിന്റെ ആധികാരികത വ്യക്തമല്ലെങ്കിലും അത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായി.
ചില ഉപയോക്താക്കള്‍ പോസ്റ്റ് നര്‍മ്മമായി വ്യാഖ്യാനിച്ചു. മറ്റുള്ളവര്‍ ഇത് പോര്‍ച്ചുഗീസ് താരത്തോടുള്ള അനാദരവാണെന്ന് വിമര്‍ശിച്ചു. ചുമരുകളില്‍ പതിച്ചതായി അവകാശപ്പെട്ട പോസ്റ്ററിന്റെ ചിത്രങ്ങള്‍ പെട്ടെന്ന് വൈറലായി. സൗദി അറേബ്യയിലെ പിരിമുറുക്കമുള്ള ഫുട്‌ബോള്‍ അന്തരീക്ഷത്തിനും റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങള്‍ക്കും ഇടയില്‍ അദ്ദേഹത്തിന് എതിരെ നിരവധി ട്രോളുകൾ വ്യാപകമായി കാണപ്പെട്ടു.
പോര്‍ച്ചുഗീസ് സൂപ്പര്‍താരം സൗദി അറേബ്യയില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് പോയതായും അഭ്യൂഹങ്ങളുണ്ട്. അദ്ദേഹം ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ കയറുന്നതിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ കളിക്കാരെ ഉള്‍പ്പെടുത്തി അൽ നസ്ർ ടീം ശക്തിപ്പെടുത്താത്തതിലുള്ള നിരാശയാണ് റൊണാള്‍ഡോയുടെ മത്സരത്തിലെ അഭാവത്തിന് കാരണമെന്ന് കരുതപ്പെടുന്നു. കരീം ബെന്‍സീമയെ അപ്രതീക്ഷിതമായി സ്വന്തമാക്കിയത് അടക്കം എതിരാളികളായ അല്‍ഹിലാല്‍ ക്ലബ്ബിനെ ഗണ്യമായി ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി റൊണാള്‍ഡൊ സ്വയം ടീമില്‍ നിന്ന് വിട്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അന്നസറിനും അല്‍ഹിലാലിനും പിന്തുണ നല്‍കുന്നു. രണ്ട് ക്ലബ്ബുകള്‍ക്കുള്ള അസമമായ പിന്തുണയില്‍ റൊണാള്‍ഡോ അസന്തുഷ്ടനാണെന്ന് റിപ്പോര്‍ട്ടുണ്ട്.



