മക്ക – വിശുദ്ധ ഹറമില്‍ ഉംറ കര്‍മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന സൗജന്യ മുടിവെട്ട് സേവനം ഒരു വര്‍ഷത്തിനിടെ 20 ലക്ഷത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ റമദാനിലാണ് സൗജന്യ മുടിവെച്ച് സേവനം ഹറംകാര്യ വകുപ്പ് ആരംഭിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ലഭ്യമാകുന്ന ഈ സേവനം വിശുദ്ധ ഹറമിന്റെ കിഴക്കു മുറ്റത്ത് മര്‍വയുടെ എതിര്‍വശത്ത് അഞ്ചിടങ്ങളില്‍ ലഭ്യമാണ്.
യോഗ്യതയുള്ളവരും പരിശീലനം ലഭിച്ചവരുമായ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍, വേഗതയും കാര്യക്ഷമതയും ഉറപ്പാക്കി, ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകരുടെ സുഖവും മനസ്സമാധാനവും ഉറപ്പാക്കി, ഉയര്‍ന്ന നിലവാരത്തിലും സുരക്ഷയിലും സേവനം നല്‍കുന്നു. അംഗീകൃത അണുനശീകരണ, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചും കൃത്യമായ ആരോഗ്യ നടപടിക്രമങ്ങള്‍ പാലിച്ചും തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന ആരോഗ്യവും സുരക്ഷയും ഉറപ്പാക്കി സേവനം നല്‍കുന്നു.
ഇരു ഹറമുകളിലും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും, ലോകമെമ്പാടും നിന്ന് ഇരു ഹറമുകളിലുമെത്തുന്ന സന്ദര്‍ശകര്‍ക്ക് വേണ്ടിയുള്ള രാജ്യത്തിന്റെ കരുതലിനെ പ്രതിഫലിപ്പിക്കുന്ന നിലക്ക് സുരക്ഷിതവും സമഗ്രവുമായ ആരാധനാ അന്തരീക്ഷം പ്രദാനം ചെയ്യാനും ഉന്നമിടുന്ന വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഭരണാധികാരികളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സേവനം നടപ്പാക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.



