ജിദ്ദ– യാത്രാ ഗതാഗത സേവനങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്താനും നിയമപാലന തോത് വര്‍ധിപ്പിക്കാനുമായി റൈഡ്-ഹെയ്ലിംഗ് ആപ്പുകളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മുഖം തിരിച്ചറിയല്‍ പരിശോധനക്ക് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അംഗീകാരം നല്‍കി. ഇതോടൊപ്പം ഡ്രൈവര്‍മാരുടെ രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമും ആരംഭിച്ചിട്ടുണ്ട്. വിവരങ്ങളുടെ കൃത്യതയും നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കുന്ന നിലക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഡ്രൈവര്‍മാരുടെ ഡാറ്റ രേഖപ്പെടുത്തുകയും അവരുടെ ഐഡന്റിറ്റികളും വാഹനങ്ങളും പരിശോധിക്കുകയും ചെയ്യും.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത് നടപ്പാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ ഡാറ്റ നിയന്ത്രിക്കാനും റൈഡ്-ഹെയ്ലിംഗ് ആപ്പുകളില്‍ പ്രവര്‍ത്തിക്കാനുള്ള അവരുടെ യോഗ്യത പരിശോധിക്കാനുമുള്ള പ്രധാന നിയന്ത്രണ ഉപകരണമാണ് അംഗീകൃത ഡ്രൈവര്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍. യഥാര്‍ഥ ഡ്രൈവറുടെ ഡാറ്റ, രജിസ്റ്റര്‍ ചെയ്ത ഡ്രൈവറുടെ ഡാറ്റയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുകയും അംഗീകൃത നിയമങ്ങള്‍ പാലിക്കുന്നത് വര്‍ധിപ്പിക്കുകയും ചെയ്യും.
റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴിയുള്ള ടാക്‌സി സേവന മേഖലാ ജോലി സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മുഖം തിരിച്ചറിയല്‍ പരിശോധന നടപ്പാക്കാന്‍ റൈഡ്-ഹെയ്ലിംഗ് ആപ്പ് കമ്പനികളെ നേരത്തെ അതോറിറ്റി നിര്‍ബന്ധിച്ചിരുന്നു. പുതിയ നടപടി ഈ മേഖലയിലെ നിരീക്ഷണ, അനുസരണ സംവിധാനം ശക്തിപ്പെടുത്താനുള്ള അധിക ചുവടുവെപ്പാണെന്നും അതോറിറ്റി സ്ഥിരീകരിച്ചു.
ഈ നടപടിക്രമം ഗുണഭോക്താവിന് സഹായകരമായ ഘടകമാണെന്ന് അതോറിറ്റി വിശദീകരിച്ചു. സേവനത്തിന്റെ സുതാര്യതയും ഗുണനിലവാരവും ഉയര്‍ത്താനും ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇത് സഹായിക്കും. റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഏകീകൃത നമ്പര്‍ ആയ 19929 ല്‍ ബന്ധപ്പെട്ടോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.



