ന്യൂഡൽഹി– മൂന്നാം മോദി സർക്കാരിന്റെ നിർണ്ണായകമായ പൂർണ്ണ ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. തുടർച്ചയായ ഒൻപതാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 2017-ന് ശേഷം ആദ്യമായാണ് ഒരു ബജറ്റ് അവതരണം ഞായറാഴ്ച നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
പുതിയ ആദായനികുതി സമ്പ്രദായം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ ഇത്തവണ ഉണ്ടാകുമെന്നാണ് സൂചന. സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 75,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. ഇടത്തരക്കാരെ സഹായിക്കാൻ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതിയിളവ് നൽകുന്ന രീതിയിൽ സ്ലാബുകൾ പുനഃക്രമീകരിക്കാനും സാധ്യതകളുണ്ട്.
കേരളം ആവശ്യപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിരുന്നു. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ-മൃഗ സംഘർഷം സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടിയുടെ സഹായം എന്നിവയെല്ലാം ഈ കത്തിൽ പറയുന്നുണ്ട്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കാനും സാധ്യത കാണുന്നു.
കൂടാതെ ഏറെ ചർച്ച വിഷയമായ മെട്രോമാൻ ഇ. ശ്രീധരൻ നിർദ്ദേശിച്ച അതിവേഗ റെയിൽവേ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമോ എന്നതും സംസ്ഥാനം ഉറ്റുനോക്കുന്നു.



