തെഹ്‌റാന്‍ – തങ്ങളുടെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയന്റെ നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു. യൂറോപ്യൻ യൂണിയന്റെ തീരുമാനം നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു പരമാധികാര രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാപനത്തെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നത് അപകടകരമായ കീഴ്വഴക്കമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു.
പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഇറാന്റെ ആഭ്യന്തര മന്ത്രി, അറ്റോർണി ജനറൽ ഉൾപ്പെടെ 17 ഉന്നത ഉദ്യോഗസ്ഥർക്കും ആറ് സ്ഥാപനങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ബ്രസ്സൽസിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായത്. ഫ്രാൻസും ഇറ്റലിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ നീക്കത്തിന് പിന്തുണ നൽകിയിരുന്നു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായാണ് ഇറാൻ ഭരണകൂടത്തിന്റെ നിലപാട്. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ ഭീകരരാണ് അക്രമങ്ങൾക്കും മരണങ്ങൾക്കും കാരണമായതെന്നും ഇറാൻ അധികൃതർ ആവർത്തിച്ചു. മുഴുവൻ ഇറാൻ ജനതയെയും ലക്ഷ്യം വെച്ചുള്ള നീക്കമാണ് യൂറോപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.



