ബ്രസ്സല്‍സ് – പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇറാനിലെ ആഭ്യന്തര മന്ത്രിയും അറ്റോർണി ജനറലും ഉൾപ്പെടെ 17 ഉദ്യോഗസ്ഥർക്കും ആറ് സ്ഥാപനങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. ബ്രസ്സൽസിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രി എസ്‌കന്ദർ മൊമെനി, അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ്, റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്. ഇവർക്ക് വിസ നിരോധനം ഏർപ്പെടുത്തുന്നതിനൊപ്പം യൂറോപ്പിലെ ആസ്തികൾ മരവിപ്പിക്കാനും തീരുമാനിച്ചു.
ഇറാൻ റെവല്യൂഷണറി ഗാർഡിനെ (IRGC) ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനും യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്. ഐസിസ്, അൽഖായിദ തുടങ്ങിയ സംഘടനകൾക്കൊപ്പം റെവല്യൂഷണറി ഗാർഡിനെയും ഉൾപ്പെടുത്തുന്നതിലൂടെ ഇറാന്റെ സൈനിക വിഭാഗത്തോടുള്ള നിലപാടിൽ വലിയ മാറ്റമാണ് യൂറോപ്പ് ലക്ഷ്യമിടുന്നത്. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ഇറാൻ ഭരണകൂടം കടുത്ത അക്രമം അഴിച്ചുവിട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. സാമ്പത്തിക പ്രയാസങ്ങൾ ഉയർത്തിക്കാട്ടി ഡിസംബർ മുതൽ ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് രാഷ്ട്രീയ പ്രക്ഷോഭങ്ങളായി മാറുകയായിരുന്നു. എന്നാൽ, പ്രക്ഷോഭകർക്കിടയിൽ നുഴഞ്ഞുകയറിയ ഭീകരരാണ് അക്രമങ്ങൾക്ക് പിന്നിലെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായും ഇറാൻ അധികൃതർ ആരോപിക്കുന്നു.



