മുബൈ– ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരം സ്കോട്ലാന്റിനെ ഉൾപ്പെടുത്തി. ടൂർണമെന്റിൽ സ്കോട്ട് ലാൻഡ് പങ്കെടുക്കുമെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചു.സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ആവശ്യപ്പെട്ടെങ്കിലും ഐസിസി ഇത് നിരസിച്ചിരുന്നു. തുടർന്നാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ എത്തില്ലെന്ന് അറിയിച്ചത്. തുടർന്ന് അധികൃതർ ഇവരുമായി ചർച്ച നടത്തിയെങ്കിലും ആവശ്യം അംഗീകരിക്കാതെ കളിക്കാൻ എത്തില്ല എന്ന കടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
പിന്നീടാണ് ഐസിസി സ്കോട്ലാന്റിനെ സമീപിക്കുകയും നറുക്ക് വീഴുകയും ചെയ്തത്. ഐസിസി റാങ്കിംഗ് അടിസ്ഥാനത്തിലാണ് സ്കോട്ലാന്റിന് ഈ അവസരം ഒരുങ്ങിയത്. വെസ്റ്റ് ഇൻഡിസ്, നേപ്പാൾ, ഇറ്റലി എന്നിവർ അടങ്ങിയ ഗ്രൂപ്പിലാണ് ഇവരുടെ സ്ഥാനം. ഉദ്ഘാടന ദിവസം കോൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയാണ് ഇവരുടെ ആദ്യ മത്സരം



