റിയാദ് – റിയാദ് മെട്രോ നെറ്റ്‌വര്‍ക്കിലെ അല്‍അന്ദലസ് സ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം. 2024 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് റിയാദ് മെട്രോ നെറ്റ്‌വര്‍ക്കില്‍ ഒരു കുഞ്ഞ് ജനിക്കുന്നത്. ഹൃദയസ്പര്‍ശിയായതും അസാധാരണവുമായ ഈ നിമിഷം റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആഘോഷിച്ചു. മെട്രോ ഓപ്പറേഷന്‍സ് ടീം റിയാദ് മെട്രോ നെറ്റ്വര്‍ക്കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു.
ആംബുലന്‍സ് വരുന്നതിനുമുമ്പ് വനിതാ ജീവനക്കാരുടെ പിന്തുണയോടെ, ശ്രദ്ധേയമായ അനുകമ്പയോടും പ്രൊഫഷണലിസത്തോടും സംയമനത്തോടെയും കൂടി ഓപ്പറേഷന്‍സ് ടീം അടിയന്തിര സാഹചര്യം കൈകാര്യം ചെയ്തതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിശദീകരിച്ചു. ഇത് യാത്രക്കാരുടെ സുരക്ഷക്കുള്ള അവരുടെ ശക്തമായ തയ്യാറെടുപ്പും യഥാര്‍ഥ പ്രതിബദ്ധതയും പ്രകടമാക്കി.


ഈ അതുല്യ നിമിഷത്തിന്റെ സ്മരണക്കായി, റിയാദ് മെട്രോ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ സാധുതയുള്ള രണ്ട് ഫസ്റ്റ് ക്ലാസ് ദര്‍ബ് കാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസവപരിചരണത്തില്‍ പങ്കെടുത്ത എല്ലാ ടീം അംഗങ്ങള്‍ക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്ന കത്തും കൈമാറി.



