കുവൈത്ത് സിറ്റി– വ്യാജ ഐഫോണുകള്‍ നല്‍കി ഇന്ത്യക്കാരനെ കബളിപ്പിച്ച് ഈജിപ്തുകാരന്‍ സ്വദേശത്തേക്ക് രക്ഷപ്പെട്ടു. ഐഫോണ്‍ പ്രൊ മാക്‌സ് ഇനത്തില്‍ പെട്ട ഒമ്പതു മൊബൈല്‍ ഫോണുകളാണ് ഈജിപ്തുകാരന്‍ അതീവ കൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തട്ടിപ്പിലൂടെ ഇന്ത്യക്കാരന് വില്‍പന നടത്തിയത്. മൊബൈല്‍ ഫോണ്‍ ബോക്‌സുകള്‍ക്കകത്ത് പഴയ ലോക്കുകളാണെന്ന് പിന്നീടാണ് ഇന്ത്യക്കാരന്‍ കണ്ടെത്തിയത്.
യഥാര്‍ഥ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍, ഒമ്പതു ഐഫോണുകളും ഒരു ആപ്പിള്‍ വാച്ചും ഒരു ആപ്പിള്‍ ഹെഡ്‌ഫോണും ആകെ 3,838 കുവൈത്തി ദീനാറിന് വില്‍ക്കാന്‍ ഈജിപ്തുകാരന്‍ ഇന്ത്യക്കാരനുമായി ധാരണയിലെത്തുകയായിരുന്നു. ഇവക്ക് ആകെ 5,000 കുവൈത്തി ദീനാറിലേറെ വിപണി വിലയുണ്ട്. താന്‍ ജോലി ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് അടച്ചതിനു ശേഷമാണ് പ്രതി ഇന്ത്യക്കാരനെ കണ്ടത്. മൊബൈല്‍ ഫോണുകളും മറ്റു ഉപകരണങ്ങളും പ്രതി ഇന്ത്യക്കാരന് കൈമാറുകയും ഇന്ത്യക്കാരന്‍ ധാരണാപ്രകാരമുള്ള പണം നല്‍കുകയും ചെയ്തു.
വീട്ടിലെത്തി ബോക്‌സുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ഇന്ത്യക്കാരന് മനസ്സിലായത്. മൊബൈല്‍ ഫോണ്‍ ബോക്‌സുകളില്‍ ലോക്കുകളും സ്മാര്‍ട്ട് വാച്ച് ബോക്‌സില്‍ ചെറിയ ലോക്കുമാണ് ഉണ്ടായിരുന്നത്. ഹെഡ്‌ഫോണ്‍ ബോക്‌സ് കാലിയായിരുന്നു. ഇന്ത്യക്കാരനെ കബളിപ്പിച്ച് മണിക്കൂറുകള്‍ക്കകം ഈജിപ്തുകാരന്‍ രാജ്യം വിട്ടതായി അന്വേഷണങ്ങളില്‍ വ്യക്തമായി. ഇന്ത്യക്കാരന്‍ ജഹ്‌റ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചു.



