ജിദ്ദ – കഴിഞ്ഞ വർഷം സൗദിയിൽ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2024 ൽ പണപ്പെരുപ്പം ഒന്നര ശതമാനമായിരുന്നു. പാർപ്പിട വാടക 8.2 ശതമാനം തോതിൽ വർധിച്ചതിന്റെ ഫലമായി പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവ അടങ്ങിയ വിഭാഗത്തിൽ വിലയിലുണ്ടായ 6.1 വർധനവാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമെന്ന് അതോറിറ്റി വിശദീകരിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വില 1.1 ശതമാനം തോതിൽ വർധിച്ചതിന്റെ ഫലമായി ഭക്ഷ്യ, പാനീയ വിഭാഗത്തിലും 1.1 ശതമാനം വില വർധനവ് ഉണ്ടായി. താമസ സേവന നിരക്കിലുണ്ടായ 2.4 ശതമാനം വർധനവിന്റെ സ്വാധീനത്തിൽ റെസ്റ്റോറന്റ്, താമസ സേവന വിഭാഗത്തിൽ നിരക്കുകൾ 1.8 ശതമാനം തോതിൽ വർധിച്ചു. വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെയും സാമൂഹിക സംരക്ഷണ വസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി വാർഷിക വില 5.1 ശതമാനം തോതിൽ വർധിച്ചു.
വിനോദം, കായികം, സാംസ്‌കാരിക വിഭാഗത്തിൽ ശരാശരി വാർഷിക വില 2.5 ശതമാനം തോതിലും വർധിച്ചു. അതേസമയം, ചില വിഭാഗങ്ങളിൽ ശരാശരി വാർഷിക വിലയിൽ കുറവുണ്ടായി. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, പതിവ് ഹോം മെയിന്റനൻസ് വിഭാഗത്തിൽ 0.8 ശതമാനവും വിവര, ആശയവിനിമയ വിഭാഗത്തിൽ 0.7 ശതമാനവും ആരോഗ്യ വിഭാഗത്തിൽ 0.2 ശതമാനവും തോതിൽ വാർഷിക നിരക്കുകൾ കുറഞ്ഞു.



