തെല്‍അവീവ്– ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഗാസയുടെ ഭാവി ഭരണം സംബന്ധിച്ച് അമേരിക്കയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും നെതന്യാഹു സൂചിപ്പിച്ചു. ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികര്‍ ഉണ്ടാകില്ലെന്നും താന്‍ അതിന് അനുവദിക്കില്ലെന്നും പ്രതിവാര പാര്‍ലമെന്ററി ഹിയറിംഗിനിടെ നെതന്യാഹു പറഞ്ഞു. ഇസ്രായിലും ഹമാസും തമ്മിലുള്ള രണ്ട് വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിനായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി നടപ്പാക്കുന്നതിന് ആരാണ് മേല്‍നോട്ടം വഹിക്കേണ്ടത് എന്നത് സംബന്ധിച്ച് ഇസ്രായിലിന് അമേരിക്കയുമായി വിയോജിപ്പിച്ചുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ട്രംപ് അധ്യക്ഷനായ ഗാസ സമാധാന കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന, ഗാസ മുനമ്പിനായുള്ള പ്രത്യേക എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ രൂപീകരിച്ചതായി കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. ഉപദേശക സമിതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാന്‍, ഖത്തര്‍ നയതന്ത്രജ്ഞന്‍ അലി അല്‍ദവാദി എന്നിവരും മറ്റ് പ്രാദേശിക, അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
പുതിയ കൗണ്‍സിലിന്റെ ഘടനയെ നെതന്യാഹുവിന്റെ ഓഫീസ് എതിര്‍ത്തു. ഇസ്രായിലുമായി ഏകോപിക്കാതെയാണ് കൗണ്‍സിലിന്റെ പ്രഖ്യാപനമെന്നും സമിതിയുടെ ഘടന ഇസ്രായിലിന്റെ നയത്തിന് വിരുദ്ധമാണെന്നും നെതന്യാഹു പറഞ്ഞു. ഈ വിഷയത്തില്‍ അമേരിക്കന്‍ വിദേശ മന്ത്രിയുമായി ബന്ധപ്പെടാന്‍ ഇസ്രായില്‍ വിദേശ മന്ത്രിയോട് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ യുദ്ധാനന്തര ഘട്ടത്തില്‍ തുര്‍ക്കിയുടെ പങ്കാളിത്തം ഇസ്രായില്‍ പലതവണ നിരാകരിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. വരും കാലയളവില്‍ ഗാസ ഭരിക്കാനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള വിശാലമായ ചര്‍ച്ചകള്‍ക്കിടയിലാണ് നെതന്യാഹുവിന്റെ പുതിയ പരാമര്‍ശം.
ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ജനുവരി 14 ന് അമേരിക്ക പ്രഖ്യാപിച്ചു. ഹമാസിന്റെ നിരായുധീകരണം, ഗാസ മുനമ്പിന്റെ ഏകദേശം പകുതിയോളം നിയന്ത്രിക്കുന്ന ഇസ്രായില്‍ സൈന്യത്തെ ക്രമേണ പിന്‍വലിക്കല്‍, ഗാസയെ സുരക്ഷിതമാക്കാനും ഫലസ്തീന്‍ പോലീസ് യൂണിറ്റുകള്‍ക്ക് പരിശീലനം നല്‍കാനും ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര സ്ഥിരത സേനയെ വിന്യസിക്കല്‍ എന്നിവ രണ്ടാം ഘട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ അന്താരാഷ്ട്ര സേനയുടെ ഘടന ഇതുവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല.



