ജിദ്ദ – കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം മാനുഷിക, ദുരിതാശ്വാസ സഹായം നല്‍കിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഫിനാന്‍ഷ്യല്‍ ട്രാക്കിംഗ് പ്ലാറ്റ്‌ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. യെമന് ഏറ്റവുമധികം മാനുഷിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കൊല്ലം യെമന് ലോക രാജ്യങ്ങള്‍ നല്‍കിയ മൊത്തം സഹായത്തിന്റെ 49.3 ശതമാനം സൗദി അറേബ്യയുടെ വിഹിതമായിരുന്നു. സിറിയക്ക് ഏറ്റവുമധികം സഹായം നല്‍കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തി.
ആഗോള തലത്തില്‍ മാനുഷിക മേഖലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം സൗദി ഭരണാധികാരികളില്‍ നിന്ന് മാനുഷിക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയുടെ ഫലമാണെന്നും രാജ്യത്തിലും സൗദി ജനതയിലും അന്തര്‍ലീനമായിരിക്കുന്ന ഉദാരതയുടെയും കാരുണ്യത്തിന്റെയും മൂല്യങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നതായും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. മനുഷ്യജീവനും അന്തസ്സിനും മുന്‍തൂക്കം നല്‍കി ലോകമെമ്പാടുമുള്ള എല്ലാ ദരിദ്ര ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സഹായഹസ്തം നീട്ടുന്നതിലുള്ള രാജ്യത്തിന്റെ മഹത്തായ ചരിത്രത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് ഈ നേട്ടം.
മേഖലയിലെ ഏറ്റവും വലിയ സഹായ വേദിയായ സൗദി എയ്ഡ് പ്ലാറ്റ്ഫോം വഴി അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളില്‍ ഈ കണക്കുകള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ ദാനധര്‍മ്മത്തിന്റെ വറ്റാത്ത നദിയും നന്മയുടെ ദീപസ്തംഭവുമാണ്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍, ഫോളോ-അപ്പ്, പിന്തുണ എന്നിവയോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ദരിദ്രരെയും ദുരിതബാധിതരെയും സഹായിക്കുന്ന പാതയില്‍ സൗദി അറേബ്യ തുടരുമെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.



