ജിദ്ദ – ഗാസക്കായുള്ള സമഗ്ര സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായുള്ള പ്രഖ്യാപനത്തെ സൗദി വിദേശ മന്ത്രാലയം സ്വാഗതം ചെയ്തു. യു.എൻ രക്ഷാ സമിതി 2803-ാം നമ്പർ പ്രമേയം പ്രകാരം ഗാസ മുനമ്പിന്റെ ഭരണത്തിനായി താൽക്കാലിക പരിവർത്തന സമിതിയെന്നോണം ഫലസ്തീൻ ദേശീയ സമിതി രൂപീകരിച്ചതിനെയും മന്ത്രാലയം സ്വാഗതം ചെയ്തു. ഫലസ്തീൻ ദേശീയ സമിതി ഇന്നലെ കയ്‌റോയിൽ ആദ്യ യോഗം ചേർന്നു. ഗാസ സമാധാന ബോർഡ് രൂപീകരിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെയും സൗദി സ്വാഗതം ചെയ്തു. ഗാസ യുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം വഹിച്ച് നടത്തിയ ശ്രമങ്ങൾക്ക് മന്ത്രാലയം യു.എസ് പ്രസിഡന്റിന് നന്ദി പറഞ്ഞു.
ഗാസയിൽ നിന്ന് ഇസ്രായിൽ സൈന്യത്തെ പിൻവലിക്കൽ, വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് തടയൽ, മേഖലയിൽ സുസ്ഥിര സമാധാനം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ എന്നിവയോടുള്ള ട്രംപിന്റെ പ്രതിബദ്ധതയെ വിദേശ മന്ത്രാലയം പ്രശംസിച്ചു. ഇക്കാര്യങ്ങളിൽ ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ മധ്യസ്ഥർ നടത്തിയ ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു. സമാധാന പ്രക്രിയയെ പിന്തുണക്കുന്നതിൽ അന്താരാഷ്ട്ര, പ്രാദേശിക സഹകരണം പ്രധാനമാണ്. ഗാസ നിവാസികളുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താൽക്കാലിക ഫലസ്തീൻ ദേശീയ സമിതിയുടെ പ്രവർത്തനത്തെ പിന്തുണക്കേണ്ടതും വെസ്റ്റ് ബാങ്കിനും ഗാസ മുനമ്പിനും ഇടയിലുള്ള സ്ഥാപനപരവും ഭൂമിശാസ്ത്രപരവുമായ ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ, ഗാസയുടെ ഐക്യം ഉറപ്പാക്കുകയും അതിനെ വിഭജിക്കാനുള്ള ഏതൊരു ശ്രമവും നിരാകരിക്കേണ്ടതും അനിവാര്യമാണ്.
വെടിനിർത്തൽ സ്ഥിരപ്പെടുത്താനും വെടിനിർത്തൽ ലംഘനങ്ങൾ തടയാനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും ഗാസയിലുടനീളം നേരത്തെയുള്ള വീണ്ടെടുക്കൽ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും പ്രസ്താവന ആഹ്വാനം ചെയ്തു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായിലി അധിനിവേശം അവസാനിപ്പിക്കാനും യു.എൻ പ്രമേയങ്ങൾ, അറബ് സമാധാന സംരംഭം, ദ്വിരാഷ്ട്ര പരിഹാരം എന്നിവക്ക് അനുസൃതമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും നയിക്കുന്ന നിലക്ക് ഗാസ മുനമ്പിൽ ഫലസ്തീൻ ദേശീയ അതോറിറ്റിയെ അതിന്റെ ഉത്തരവാദിത്തങ്ങൾ പുനരാരംഭിക്കാൻ പ്രാപ്തമാക്കണമെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.



