തിരുവല്ല: കുറ്റപ്പുഴക്ക് സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു.
തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് ( 23 ) നാണ് മർദ്ദനമേറ്റത്.
ഇയാൾ സഞ്ചരിച്ച കാറും സംഘം അടിച്ചു തകർത്തു.
ഇന്നലെ രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തിയ ശേഷം ഇയാളെ അതേ കാറിൽ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു
അതിക്രൂരമായി മർദ്ദിച്ച ശേഷം ശരത്തിനെ ഇന്ന് പുലർച്ചെ ആറുമണിയോടെ കവിയൂർ മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിച്ച ശേഷം കാർ അടിച്ച് തകർത്ത് സംഘം കടന്നു കളയുകയായിരുന്നു
ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാ നേതാവും സംഘവും ആണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് എന്ന് ശരത് പറഞ്ഞു.
പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ശരത്തിനെ സമീപവാസികൾ ചേർന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
മാന്താനം സ്വദേശി സേതുവിൻറെ ഉടമസ്ഥതയിലുള്ള ജെസിബിയുടെ ഡ്രൈവർ ആണ് മർദ്ദനമേറ്റ ശരത്.
മണ്ണ് മാഫിയകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.
സംഭവത്തിൽ തിരുവല്ല പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.