റിയാദ് – സൗദി അറേബ്യയിലെ സന്നദ്ധ സംഘടനകൾക്ക് ആഗോളതലത്തിൽ സേവനം എത്തിക്കാൻ ലക്ഷ്യമിട്ട് പുതിയ ഇ-പോർട്ടൽ നിലവിൽ വന്നു. പ്രാദേശിക നോൺ-പ്രോഫിറ്റ് സംഘടനകളെ വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്ന ഈ പോർട്ടൽ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് ആരംഭിച്ചത്. റിയാദിലെ സെന്റർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോ. അബ്ദുള്ള അൽറബീഅ പുതിയ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു.
അറബിയിലും ഇംഗ്ലീഷിലും ലഭ്യമായ ഈ പോർട്ടൽ വഴി വിദേശ രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന സംഘടനകൾക്ക് പ്രാരംഭ അനുമതിക്കായി അപേക്ഷ സമർപ്പിക്കാം. ഇത് ഭരണപരമായ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം കെ.എസ് റിലീഫും പ്രാദേശിക സംഘടനകളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനകം തന്നെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി 50 ഓളം സംഘടനകളെ ഇതിനായി വിലയിരുത്തിക്കഴിഞ്ഞു. ഇതുവരെ 109 രാജ്യങ്ങളിൽ 820 കോടിയിലേറെ ഡോളർ ചെലവഴിച്ച് 4,000 ത്തിലധികം പദ്ധതികൾ നടപ്പിലാക്കിയ സൗദിയുടെ ജീവകാരുണ്യ ചരിത്രത്തിലെ പുതിയൊരു അധ്യായമാണിത്. പുതിയ ഇ-പോർട്ടൽ വഴി കൂടുതൽ പ്രാദേശിക സംഘടനകളെ അന്താരാഷ്ട്ര തലത്തിൽ ശാക്തീകരിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.



