ഏദന്‍– ഹദ്‌റമൗത്തിലെയും അല്‍മഹ്റയിലെയും എല്ലാ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതായി യു.എ.ഇ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്.ടി.സി) പ്രഖ്യാപിച്ചു. കിഴക്കന്‍ യെമനിലെ ഹദ്‌റമൗത്ത് ഗവര്‍ണറേറ്റിലെ ക്യാമ്പുകളും സൈറ്റുകളും ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്സിന് കൈമാറിയിട്ടുണ്ട്. തമൂദ് അതിര്‍ത്തി മേഖലയിലെ കേന്ദ്രങ്ങള്‍ ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്സിന്റെ ഒന്നാം ബ്രിഗേഡിന് കൈമാറിയതായും എസ്.ടി.സി അറിയിച്ചു. റമാത്ത് പ്രദേശത്തെയും ഹദ്‌റമൗത്ത്, അല്‍മഹ്റ ഗവര്‍ണറേറ്റുകളിലെയും മറ്റ് സ്ഥലങ്ങളും ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്സിന് കൈമാറുമെന്നും ഇവർ വ്യക്തമാക്കി. സൗദി അറേബ്യയുമായും ഒമാനുമായും അതിര്‍ത്തി പങ്കിടുന്ന രണ്ട് ഗവര്‍ണറേറ്റുകളില്‍ നിന്നും എസ്.ടി.സി സേനയെ പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യങ്ങള്‍ക്കിടയിലാണ് സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ഈ നീക്കം.
ഹദ്‌റമൗത്ത് ഗവര്‍ണറേറ്റില്‍ നിന്ന് യു.എ.ഇ സേനയെ ഒഴിപ്പിച്ചു. നൂറുകണക്കിന് സൈനികരെയും സൈനിക ഉപകരണങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും വഹിച്ച് നാല് യു.എ.ഇ സൈനിക കാര്‍ഗോ വിമാനങ്ങളാണ് അല്‍മുകല്ല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. യെമനിലെ യു.എ.ഇ സൈനിക സാന്നിധ്യം അവസാനിപ്പിക്കാനുള്ള യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്ന്, സൈനിക വിന്യാസം പുനഃക്രമീകരിക്കുന്നതിന്റെയും സുപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പിന്‍വലിക്കല്‍ ആരംഭിക്കുന്നതിന്റെയും ഭാഗമാണിത്.
സൈന്യത്തെ പിന്‍വലിക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി മൂന്ന് യു.എ.ഇ സൈനിക കാര്‍ഗോ വിമാനങ്ങള്‍ അല്‍റയ്യാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങി. യെമനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിനായി യു.എ.ഇ സാങ്കേതിക സംഘങ്ങള്‍ നിരീക്ഷണ, ആശയവിനിമയ ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് സൈനിക ഉപകരണങ്ങള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിലെ ടാര്‍മാക്കിലെത്തിച്ച് യെമനില്‍ നിന്ന് വിമാനമാര്‍ഗം അയക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്.
ഹദ്‌റമൗത്ത്, അല്‍മഹ്‌റ ഗവര്‍ണറേറ്റുകളില്‍ നിന്ന് ഇരുപത്തിനാലു മണിക്കൂറിനകം യു.എ.ഇ സൈന്യത്തെ പിന്‍വലിക്കണമെന്ന് യെമനും സൗദി അറേബ്യയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യു.എ.ഇയുമായുള്ള സംയുക്ത പ്രതിരോധ സഹകരണ കരാര്‍ യെമന്‍ റദ്ദാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ വിരുദ്ധ കലാപം ആരംഭിച്ച സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സേനയെ പിന്തുണക്കാന്‍ യു.എ.ഇയിലെ ഫുജൈറയില്‍ നിന്ന് രണ്ടു കപ്പലുകളില്‍ സൈനിക വാഹനങ്ങളും ആയുധങ്ങളും അല്‍മുകല്ല തുറമുഖത്ത് എത്തിച്ചതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായത്.



