ജിദ്ദ– ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വ്യാഴാഴ്ച രാവിലെ 9.05-നാണ് വിമാനം ഇറക്കിയത്. ലാന്‍ഡിങ് സമയത്ത് വിമാനത്തിന്റെ വലതുഭാഗത്തെ ടയറും നോസ് വീലും പൊട്ടിയെങ്കിലും പൈലറ്റിന്റെ ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും ജീവനക്കാരും പൂര്‍ണ സുരക്ഷിതരാണെന്ന് സിയാല്‍ (CIAL) അധികൃതര്‍ സ്ഥിരീകരിച്ചു.
ജിദ്ദ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയിലുണ്ടായിരുന്ന ഏതെങ്കിലും വസ്തു തട്ടി ടയറിന് കേടുപാട് സംഭവിച്ചിരിക്കാമെന്ന സംശയത്തെത്തുടര്‍ന്നാണ് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം ഇറങ്ങുന്നതിന് മുന്നോടിയായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും അടിയന്തര സേവന സംഘങ്ങളും സിയാലില്‍ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ലാന്‍ഡിങ്ങിന് ശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി വിമാനം മാറ്റുന്നത് വരെ ഒരു മണിക്കൂറോളം റണ്‍വേ അടച്ചിട്ടു. റണ്‍വേയിലെ വിശദമായ പരിശോധനയ്ക്ക് ശേഷം വിമാനത്താവളം സാധാരണ നിലയിലായി. യാത്രക്കാരെ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി വക്താവ്, സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.



