കോഴിക്കോട്– കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം പങ്കിട്ടെടുക്കാൻ യു.ഡി.എഫ്. ഘടകകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. ആദ്യ രണ്ടര വർഷം കോൺഗ്രസ് പ്രതിനിധി പ്രസിഡൻ്റ് സ്ഥാനം വഹിക്കും, ശേഷിക്കുന്ന രണ്ടര വർഷം മുസ്ലിം ലീഗിനായിരിക്കും പ്രസിഡൻ്റ് സ്ഥാനം.
ഈ ധാരണ പ്രകാരം, കോൺഗ്രസ് നോമിനി പ്രസിഡൻ്റാകുന്ന ആദ്യ പകുതിയിൽ മുസ്ലിം ലീഗ് പ്രതിനിധി വൈസ് പ്രസിഡൻ്റാകും. രണ്ടാം പകുതിയിൽ ഈ സ്ഥാനങ്ങൾ പരസ്പരം കൈമാറും. ജില്ലാ പഞ്ചായത്ത് ഭരണത്തിന് പുറമെ, കോഴിക്കോട് കോർപറേഷനിൽ പ്രതിപക്ഷ നേതൃസ്ഥാനം മുസ്ലിം ലീഗ് വഹിക്കാനും ധാരണയായിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലുമെല്ലാം കോൺഗ്രസും ലീഗും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഭരണ സ്ഥാനങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാനാണ് യു.ഡി.എഫ്. നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പങ്കുവെക്കാനുള്ള ധാരണയിലെത്തിയത്.
ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം ലഭിക്കുന്നത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആര് എത്തണം എന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ഇത് വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. വനിതാ സംവരണമുള്ള ജില്ലാ പഞ്ചായത്താണ് കോഴിക്കോട്. നിലവിൽ കോൺഗ്രസിൻ്റെ മില്ലി മോഹനനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻഗണനയുള്ളതെങ്കിലും ഷീബ ഉൾപ്പെടെയുള്ള നേതാക്കളെയും പരിഗണിക്കുന്നുണ്ട്.



