തിരുവനന്തപുരം– ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എം.വി. ഗോവിന്ദൻ കൊല്ലം കോർപറേഷനിലെ തോൽവി ഗൗരവപൂർണമായി പരിശോധിക്കുമെന്നും വ്യക്തമാക്കി
ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ആരുമായും സഖ്യത്തിനില്ലെന്ന ഉറച്ച നിലപാടാണ് എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാടും തിരുവനന്തപുരത്തും ‘കുതിരക്കച്ചവടത്തിനില്ലെന്നും’ ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടിയ കോൺഗ്രസുമായി നീക്കുപോക്കിനില്ല. തിരുവനന്തപുരത്ത് എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി.യും കോൺഗ്രസും പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ താത്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, തോമസ് ഐസക്കിൻ്റെ ‘ഇടതു ഹിന്ദുത്വ‘ പരാമർശം തള്ളിപ്പറഞ്ഞു. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാമെന്നും, ‘ആഗോള അയ്യപ്പ സംഗമത്തിന്’ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറപ്പായും മൂന്നാംവട്ടവും ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നാണ് ഗോവിന്ദൻ്റെ പ്രതീക്ഷ.
യു.ഡി.എഫ്. എം.പി.മാരുടെ പാർലമെന്റിലെ ശബരിമല സമരം ബി.ജെ.പി.യെ സഹായിക്കാനാണെന്നും ഗോവിന്ദൻ ആരോപിച്ചു. സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് വിഷയമായിരുന്നെങ്കിൽ ബി.ജെ.പി.ക്ക് ഗുണം ലഭിക്കുമായിരുന്നു. എന്നാൽ ശബരിമല സ്ഥിതി ചെയ്യുന്ന പന്തളം നഗരസഭ ബി.ജെ.പിയിൽ നിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്ത കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. സ്വർണക്കൊള്ള വിഷയത്തിൽ പത്മകുമാറിനെതിരെ അന്വേഷണം പൂർത്തിയാക്കാതെ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“മൂന്നാം സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിന് പോകുമോ” എന്ന ചോദ്യത്തിന്, “കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ഒരു തോൽവി അവസാന തോൽവിയോ ഒരു വിജയം അവസാന വിജയമോ അല്ല. വനവാസത്തെക്കുറിച്ച് എപ്പോഴും പറയുന്ന സതീശൻ ഒടുവിൽ വനവാസത്തിന് തന്നെ പോകേണ്ടി വരും,” എന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ മറുപടി. തെരഞ്ഞെടുപ്പ് വിധിയെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.



