ഗാസ– കനത്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗാസ നിവാസികള്‍ കൊടിയ ദുരിതത്തിലാണ് കഴിയുന്നതെന്ന് ഹമാസ്. ഉപരോധം ശക്തമാക്കുന്നതിലൂടെയും പുനര്‍നിര്‍മ്മാണം തടയുന്നതിലൂടെയും വംശഹത്യയുടെ യഥാര്‍ഥ തുടര്‍ച്ച ഗാസ മുനമ്പ് അനുഭവിക്കുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. ഗാസ മുനമ്പിലെ പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിക്കുന്നതിന് ഇസ്രായിലിനു മേല്‍ യഥാര്‍ഥ സമ്മര്‍ദം ചെലുത്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പുനല്‍കുന്ന രാജ്യങ്ങളോടും മധ്യസ്ഥരോടും ഹമാസ് വക്താവ് ആവശ്യപ്പെട്ടു. നാശവും തുടര്‍ച്ചയായ മഴയും കാരണമുള്ള വിനാശകരമായ സാഹചര്യത്തില്‍ നിന്ന് ഗാസ നിവാസികളെ രക്ഷിക്കാന്‍ അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍, അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ എന്നിവ ഗൗരവത്തായ നടപടി സ്വീകരിക്കണമെന്നും ഹമാസ് അഭ്യർത്ഥിച്ചു.
എട്ട് മാസം പ്രായമുള്ള റഹഫ് അബൂജസര്‍ ഖാന്‍ യൂനിസില്‍ അതിശൈത്യം മൂലം മരിച്ചതായി മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പില്‍ തണുത്ത കാലാവസ്ഥയെ നേരിടാന്‍ സജ്ജമല്ലാത്ത ദുര്‍ബലമായ കൂടാരങ്ങളില്‍ താമസിക്കുന്ന കുട്ടികളും കുടിയിറക്കപ്പെട്ടവരും അടക്കമുള്ളവര്‍ നേരിടുന്ന മാനുഷിക സാഹചര്യത്തിന്റെ തീവ്രതയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗാസ നിവാസികള്‍ പാര്‍പ്പിടത്തിന്റെയും വൈദ്യസഹായത്തിന്റെയും അഭാവവും നേരിടുന്നുണ്ട്. ഇന്ധനമില്ലാത്തതിനാല്‍ ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നില്ലയെന്നും അധികൃതർ വ്യക്തമാക്കി.



