മദീന – മസ്ജിദുന്നബവി റൗദ ശരീഫ് സിയാറത്ത് പെര്‍മിറ്റ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇനി മുതല്‍ 565 ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് നുസുക് പ്ലാറ്റ്‌ഫോം വഴി റൗദ ശരീഫ് സന്ദര്‍ശനത്തിന് വിശ്വാസികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക. ഇതുവരെ 365 ദിവസത്തില്‍ ഒരിക്കല്‍ എന്ന തോതിലാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ ഒരു തവണ പെര്‍മിറ്റ് നേടി വീണ്ടും നുസുക് പ്ലാറ്റ്‌ഫോം വഴി പെര്‍മിറ്റ് ലഭിക്കാന്‍ 565 ദിവസം കാത്തിരിക്കേണ്ടിവരും.
ഇതിനു പുറമെ, മസ്ജിദുന്നബവിക്കു സമീപത്തുള്ള വിശ്വാസികള്‍ക്ക് ഇന്‍സ്റ്റന്റ് ട്രാക്ക് വഴി തല്‍ക്ഷണം പെര്‍മിറ്റ് ലഭിക്കും. നുസുക് പ്ലാറ്റ്‌ഫോം വഴി അനുവദിച്ച പെര്‍മിറ്റ് അനുസരിച്ച് വിശ്വാസികള്‍ കൃത്യസമയത്ത് സിയാറത്തിന് എത്തിച്ചേരാത്തത് അടക്കമുള്ള കാരണങ്ങളാല്‍ റൗദ ശരീഫില്‍ ലഭ്യമാകുന്ന ഒഴിവിനനുസരിച്ചാണ് ഇന്‍സ്റ്റന്റ് ട്രാക്ക് വഴി പെര്‍മിറ്റ് ലഭിക്കുക. ഇത് എന്ന്, എപ്പോള്‍ ലഭിക്കുമെന്ന് മുന്‍കൂട്ടി അറിയാനും കണക്കാക്കാനും കഴിയില്ല. ഇന്‍സ്റ്റന്റ് ട്രാക്ക് വഴി നിരന്തം പെര്‍മിറ്റിന് ശ്രമിക്കുന്നവര്‍ക്ക് റൗദ ശരീഫില്‍ ലഭ്യമാകുന്ന ഒഴിവിനനുസരിച്ച് പെര്‍മിറ്റ് അനുവദിക്കുകയാണ് ചെയ്യുക. റൗദ ശരീഫിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം ക്രമീകരിക്കാനും തിക്കുംതിരക്കും കുറക്കാനും എളുപ്പത്തിലും സമാധാനത്തോടെയും സിയാറത്ത് നടത്താന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കാനും ശ്രമിച്ചാണ് റൗദ ശരീഫ് സിയാറത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
സുഗമമായ ചലനം ഉറപ്പാക്കുന്നതിന് തെക്കു ഭാഗത്തെ മുറ്റത്തെ 37-ാം നമ്പര്‍ കവാടമായ മക്ക ഗെയ്റ്റ് വഴിയാണ് അംഗീകൃത റൂട്ടുകളിലൂടെ റൗദ ശരീഫിലേക്ക് പ്രവേശനം നല്‍കുക. പുരുഷന്മാര്‍ക്ക് പുലര്‍ച്ചെ രണ്ടു മുതല്‍ സുബ്ഹി നമസ്‌കാരം വരെയും രാവിലെ 11.20 മുതല്‍ ഇശാ നമസ്‌കാരം വരെയും റൗദ ശരീഫ് സിയാറത്തിന് സമയം അനുവദിച്ചിട്ടുണ്ട്. സുബ്ഹി നമസ്‌കാരത്തിനു ശേഷം മുതല്‍ രാവിലെ പതിനൊന്നു വരെയും ഇശാ നമസ്‌കാരത്തിനു ശേഷം മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുമാണ് സ്ത്രീകളുടെ റൗദ ശരീഫ് സിയാറത്തിന് സമയം നീക്കിവെച്ചിരിക്കുന്നത്.
വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ സുബ്ഹി നമസ്‌കാരം വരെയും രാവിലെ 9.20 മുതല്‍ 11.20 വരെയും ജുമുഅക്കു ശേഷം മുതല്‍ ഇശാ നമസ്‌കാരം വരെയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് സുബ്ഹി നമസ്‌കാരത്തിനു ശേഷം മുതല്‍ രാവിലെ ഒമ്പതു വരെയും ഇശാ നമസ്‌കാരത്തിനു ശേഷം മുതല്‍ പുലര്‍ച്ചെ രണ്ടു വരെയും റൗദയിലേക്ക് പ്രവേശനം അനുവദിക്കും. പ്രത്യേകം നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കനുസൃതമായി പ്രായംചെന്നവരെ വീല്‍ചെയറുകളുമായി റൗദ ശരീഫില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്നും ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.
നിലവില്‍ റൗദ ശരീഫ് സിയാറത്തിനും ഉംറക്കും മാത്രമാണ് മുന്‍കൂട്ടി പെര്‍മിറ്റ് നേടേണ്ടത്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കാനും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പെര്‍മിറ്റ് ആവശ്യമില്ല. കൊറോണ കാലത്ത് ബാധകമാക്കിയ ആരോഗ്യ നിയന്ത്രണങ്ങളുടെ ഭാഗമായി ഇരു ഹറമുകളിലും പ്രവേശിക്കാനും പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമായിരുന്നു. പെര്‍മിറ്റുകളില്‍ നിര്‍ണയിച്ച കൃത്യസമയത്തു തന്നെ റൗദ ശരീഫ് സിയാറത്തിനും ഉംറക്കും വിശ്വാസികള്‍ എത്തിയിരിക്കണം. ഉംറ പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം പാലിക്കുന്നതില്‍ നിലവില്‍ അധികൃതര്‍ കാര്‍ക്കശ്യം കാണിക്കുന്നില്ലെങ്കിലും റൗദ ശരീഫ് സിയാറത്ത് പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം കണിശമായി പാലിക്കാത്തവര്‍ക്ക് സിയാറത്തിന് അവസരം ലഭിക്കില്ല. ഇത്തരക്കാര്‍ സിയാറത്ത് നടത്താന്‍ വീണ്ടും പെര്‍മിറ്റ് നേടേണ്ടിവരും.



