ന്യൂദൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഇൻഡിഗോ വിമാന സർവീസ്. ഇന്നു മാത്രം 500-ലേറെ വിമാനങ്ങൾ റദ്ദാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങളിൽ നൂറു കണക്കിന് യാത്രക്കാർ പ്രതിസന്ധി നേരിടുകയാണ്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) നിബന്ധനകളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനിടയിൽ ഉണ്ടായ സാങ്കേതിക–പ്രവർത്തന പ്രശ്നങ്ങൾ കാരണമാണ് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോ വ്യാഴാഴ്ച തന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി രേഖപ്പെടുത്തുന്നത്. നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ ബഹളം വെക്കൽ തുടരുകയാണ്. മറ്റ് എയർ്ലൈനുകളുടേയും പ്രവർത്തനങ്ങൾ ഇതിലൂടെ ബാധിക്കപ്പെട്ടു.
ഇൻഡിഗോ സാധാരണയായി ദിനംപ്രതി 2,300 ഓളം സർവീസുകൾ നടത്താറുണ്ട്. എന്നാൽ വ്യാഴാഴ്ച ഒരുദിവസം മാത്രം 550-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.
ഡിസംബർ 3-ന് ഇൻഡിഗോ സർവീസ് സമയം പാലിച്ച് സർവീസ് നടത്തിയത് വെറും 19.7% ആയിരുന്നു. ഡിസംബർ 2ന് ഇത് 35 ശതമാനമായിരുന്നു. കോടതി നിർദ്ദേശ പ്രകാരം വിമാന സുരക്ഷയ്ക്കുമായി രൂപപ്പെടുത്തിയ പുതിയ FDTL നിബന്ധനകൾ 2025 ജൂലൈ 1 നും 2025 നവംബർ 1 നും രണ്ട് ഘട്ടങ്ങളിലായാണ് ഇൻഡിഗോ നടപ്പാക്കിയത്. വിമാന സർവീസ് പൂർണ്ണമായും സാധാരണ നില കൈവരിക്കാൻ അടുത്ത വർഷം ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. യു.എ.ഇയിൽനിന്നുള്ള ഇൻഡിഗോ വിമാന സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. ഇന്ന് പ്രവർത്തിച്ച ഇൻഡിഗോയുടെ ഭൂരിഭാഗം ദുബായ് സർവീസുകളും മണിക്കൂറുകളോളം വൈകി. പൂനെ, ഹൈദരാബാദ്, സുരത്ത് തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നുള്ള ഇൻബൗണ്ട് സർവീസുകളും വൈകി.
പ്രധാന വിമാനത്താവളങ്ങളിലെ വിവരങ്ങൾ ഇങ്ങിനെ.
കൊൽക്കത്ത
ഡിസംബർ 4-ന് പുലർച്ചെ 12 മുതൽ വൈകുന്നേരം 6 വരെ കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ 112 സർവീസുകൾ വൈകുകയോ റദ്ദാകുകയോ ചെയ്തു.
അഹമ്മദാബാദ്
ഡിസംബർ 4-ന് ഉച്ചയ്ക്ക് 12 വരെ 27 സർവീസുകളെ ബാധിച്ചു.
ന്യൂഡൽഹി വിമാനത്താവളത്തിൽ 153 സർവീസുകൾ റദ്ദാക്കി.
ഹൈദരാബാദിൽ 79 ഉം ബെംഗളൂരുവിൽ 70 സർവീസുകളും പ്രതിസന്ധിയിലായി.
പൂനെ വിമാനത്താവളത്തിലും ഇൻഡിഗോയുടെ പ്രശ്നങ്ങൾ മറ്റു എയർലൈൻസിന്റെ ഷെഡ്യൂളുകളും വൈകിപ്പിച്ചു. ഇൻഡിഗോ യാത്രക്കാരുമായി പല ബേസുകളും നിറഞ്ഞതിനാൽ ഒരേസമയം ഒരു ബേ മാത്രമാണ് പ്രവർത്തിപ്പിക്കാനായത്. അടുത്ത 2–3 ദിവസവും റദ്ദാക്കലുകൾ തുടരുമെന്ന് ഇൻഡിഗോ DGCAയെ അറിയിച്ചു.



