ന്യൂയോര്‍ക്ക്: അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം വീണ്ടും സജീവമായി. ടിക് ടോക്കിനെ അതിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്ന് വേർപ്പെടുത്തുകയോ അല്ലെങ്കിൽ അമേരിക്കയിൽ രാജ്യവ്യാപക നിരോധനം നേരിടുകയോ ചെയ്യുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ബിൽ ജനപ്രതിനിധി സഭ 58 നെതിരെ 360 വോട്ടിന് പാസാക്കി. പ്രമേയം സെനറ്റ് കൂടി അംഗീകരിച്ചാൽ നിരോധന ബില്‍ പ്രാബല്യത്തിലാകും. ഒമ്പത് മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണമെന്നാണ് പ്രമേയം.
യുവാക്കൾക്കിടയിൽ ടിക് ടോക് ദുസ്വാധീനം ചെലുത്തുന്നുവെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് നിരോധനത്തിലേക്ക് കടക്കുന്നത്. ചൈനീസ് അനുകൂല ഉള്ളടക്കങ്ങളാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.
അതേസമയം, ബീജിംഗുമായുള്ള ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ ടിക്ടോകിനെ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബിൽ പാസാക്കിയതിനെ ടിക്‌ടോക്ക് നിശിതമായി അപലപിച്ചു. ബിൽ “170 ദശലക്ഷം അമേരിക്കക്കാരുടെ സ്വതന്ത്രമായ സംസാര അവകാശത്തെ ചവിട്ടിമെതിക്കുകയും ഏഴ് ദശലക്ഷം ബിസിനസുകളെ നശിപ്പിക്കുകയും യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 24 ബില്യൺ ഡോളർ സംഭാവന ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുന്നതിന് ഇടയാക്കുമെന്നും ടിക് ടോക് വക്താവ് പറഞ്ഞു.