ന്യൂയോര്‍ക്ക് – രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗാസയില്‍ 260ലേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
പതിറ്റാണ്ടുകള്‍ക്കിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും മാരകമായ സംഘര്‍ഷമാണ് ഗാസ യുദ്ധം. 2023 ഒക്ടോബര്‍ ഏഴു മുതല്‍ 260 ലേറെ മാധ്യമപ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. കുടിയിറക്കല്‍, പട്ടിണി, മരണം എന്നിവ അടക്കം ഗാസയിലെ മറ്റു ജനങ്ങള്‍ നേരിടുന്ന അതേ അപകടങ്ങള്‍ ഗാസയിലെ മാധ്യമപ്രവര്‍ത്തകരും നേരിടുന്നതായി ന്യൂയോര്‍ക്കില്‍ നടന്ന മിഡില്‍ ഈസ്റ്റ് സമാധാനത്തെ കുറിച്ചുള്ള യു.എന്‍ അന്താരാഷ്ട്ര മാധ്യമ സെമിനാറില്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. അധിനിവേശം അവസാനിപ്പിക്കുകയും 1967 ന് മുമ്പുള്ള അതിര്‍ത്തികളെ അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനുള്ള ഏക സുസ്ഥിര പരിഹാരം. ഇതിന് ഐക്യരാഷ്ട്രസഭ പ്രതിജ്ഞാബദ്ധമാണെന്നും ഗുട്ടെറസ് പറഞ്ഞു.
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന്റെ മധ്യഭാഗത്ത് ഇസ്രായില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഫോട്ടോ ജേണലിസ്റ്റ് കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യഗാസ മുനമ്പിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് കിഴക്ക് പീരങ്കി ഷെല്ലാക്രമണത്തിലും വെടിവെപ്പിലും മറ്റൊരു ഫലസ്തീനി കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



