ജിദ്ദ- വിശ്വാസിയെ ഒരിക്കലും നിരാശ പിടികൂടാൻ പാടില്ലെന്നും എപ്പോഴും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയിലായിരിക്കണമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു. കോഴിക്കോട് വെച്ച് നടക്കാനിരിക്കുന്ന എം.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ ജിദ്ദ ഏരിയ പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കയിൽ നിന്ന് ശത്രുക്കളുടെ പീഡനം കാരണം തന്റെ മാതാവിന്റെ ബന്ധുക്കളുള്ള തായിഫിലേക്ക് പോയ പ്രവാചകനെ അവിടെയുള്ള ജനത ക്രൂരമായി ആക്രമിച്ചപ്പോഴും അവരെ നശിപ്പിക്കണമെന്ന താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ സമൂഹത്തിൽ നിന്ന് ഭാവിയിൽ ആരെങ്കിലും നന്നാകുമെന്ന പ്രതീക്ഷയായിരുന്നു പ്രവാചകനെ ഇങ്ങനെ ചിന്തിപ്പിച്ചത്. ഇന്ന് സൗദി അറേബ്യയിൽ ഒരുപാട് വലിയ പള്ളികളുള്ള, ഫത്‌വകൾ നൽകാൻ വരെ പ്രാപ്തരായ പണ്ഡിതൻമാരുള്ള ഒരു നാടായി തായിഫ് മാറിയെന്നത് പ്രവാചകന്റെ അന്നത്തെ പ്രതീക്ഷ പുലർന്നതായി നമുക്ക് കാണാം. അവിടെ നിന്ന് തിരിച്ചെത്തി മക്കയിലെ കഅബയിലൊന്ന് പ്രവേശിക്കാൻ അനുമതി ചോദിച്ച പ്രവാചകനെ തിരിച്ചയച്ച അതിന്റെ താക്കോൽ സൂക്ഷിപ്പുകാരനായ ഉസ്മാൻ ഇബ്നു ത്വൽഹയോട് ഈ താക്കോൽക്കൂട്ടം ഒരു നാൾ തന്റെ കയ്യിൽ വരുമെന്ന പ്രത്യാശയുടെ മറുപടിയാണ് പ്രവാചകൻ നൽകിയത്. ഇതും പിന്നീട് യാഥാർഥ്യമാകുന്നത് ചരിത്രത്തിൽ നമുക്ക് കാണാവുന്നതാണ്. ഇത്തരം ശുഭപ്രതീക്ഷകളാണ് അധാർമികതയും ലഹരിയും ലിബറൽ ചിന്തകളുമെല്ലാം വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് ജനങ്ങൾക്ക് നൽകാനുള്ളത്.


പുതിയ തലമുറയെ ധാർമികതയിലും യഥാർത്ഥ വിശ്വാസത്തിലുമൂന്നിയ ഒരു ജീവിതത്തിൽ ഉറപ്പിച്ചു നിർത്താൻ ലക്ഷ്യംവെച്ചാണ് അടുത്ത മാസം കെഎൻഎമ്മിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എം കോഴിക്കോട് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സമസ്ത മുസ്‌ല്യാക്കളുടെ ഖുർആൻ ദുർവ്യാഖ്യാനങ്ങളിലൂടെ’ എന്ന വിഷയത്തിൽ നസ്റുദ്ധീൻ റഹ്മാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നയീം മോങ്ങം നന്ദിയും പറഞ്ഞു.



