ഗാസ – വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ വംശഹത്യ തുടരുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. ഇസ്രായില്‍ മനഃപൂര്‍വം ഗാസ ജനങ്ങളെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ജീവിത സാഹചര്യങ്ങള്‍ നിലനിര്‍ത്തുന്നുണ്ടെന്നും ഇസ്രായിലിന്റെ ഉദ്ദേശ്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും സംഘടന പറഞ്ഞു. വെടിനിര്‍ത്തല്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ കാരണമാകുമെന്ന് തോന്നുമെങ്കിലും, യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമാണെന്ന് ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലാമര്‍ഡ് വിശദീകരിച്ചു. ഇസ്രായില്‍ ആക്രമണങ്ങളിലെ കുറവും പരിമിതമായ തോതില്‍ സഹായ വിതരണങ്ങള്‍ അനുവദിക്കുന്നതും വംശഹത്യ അവസാനിച്ചതായി സൂചിപ്പിക്കുന്നില്ല.
ഗുരുതരമായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഇസ്രായില്‍ തുടരുകയാണ്. ഇത് വംശഹത്യ കുറ്റകൃത്യം തടയാനും ശിക്ഷിക്കാനുമുള്ള കണ്‍വെന്‍ഷന്റെ വ്യക്തമായ ലംഘനമാണ്. ഡാറ്റ പ്രകാരം, ഒക്ടോബര്‍ ഒമ്പതിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഗാസയില്‍ 136 കുട്ടികള്‍ ഉള്‍പ്പെടെ 374 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികള്‍ ഉണ്ടായിരുന്നിട്ടും, സഹായങ്ങള്‍, മെഡിക്കല്‍ സാധനങ്ങള്‍, പുനര്‍നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ പ്രവേശനം ഇസ്രായില്‍ നിയന്ത്രിക്കുന്നത് തുടരുന്നു.
ഗാസ മുനമ്പിന്റെ 58 ശതമാനവും ഇപ്പോള്‍ ഇസ്രായിലി സൈനിക നിയന്ത്രണത്തിലാണ്. ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ നിന്ന് നിര്‍ബന്ധിത കുടിയിറക്കല്‍ തുടരുന്നു. ഗാസ നിവാസികള്‍ക്ക് കടല്‍, കൃഷിഭൂമി, കന്നുകാലികള്‍ എന്നിവ നിഷേധിക്കുകയും അതുവഴി അവരുടെ അടിസ്ഥാന ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും ആംനസ്റ്റി വ്യക്തമാക്കി.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും കുടിവെള്ളത്തിന്റെയും ശുചിത്വ സൗകര്യങ്ങളുടെയും അഭാവവും മൂലം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമെന്നും ആംനസ്റ്റി മുന്നറിയിപ്പ് നല്‍കി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും പരിസ്ഥിതി ദുരന്തം പരിഹരിക്കാനും ആവശ്യമായ ഉപകരണങ്ങളുടെ പ്രവേശനവും ഇസ്രായില്‍ തടയുന്നു. സഹായ വിതരണത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.
വംശഹത്യ തുടരുന്നതിന് വെടിനിര്‍ത്തല്‍ മറയാകരുത്. അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണ്. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കിലും ഗാസയിലും തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ നടത്താന്‍ ഇസ്രായില്‍ അധികൃതര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതായും ആഗ്‌നസ് കല്ലാമര്‍ഡ് പറഞ്ഞു.
രണ്ടു വര്‍ഷത്തിനിടെ ഇസ്രായിലിന്റെ ഗാസ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ എണ്ണം 69,799 ഉം പരിക്കേറ്റവരുടെ എണ്ണം 1,70,972 ഉം ആയി ഉയര്‍ന്നതായി ഔദ്യോഗിക ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.



