റിയാദ് – രണ്ടു വയസ് പ്രായമുള്ള ജമൈക്കൻ സയാമിസ് ഇരട്ടകളായ അസാരിയ എൽസണെയും അസൂറ എൽസണെയും കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശമനുസരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും ശസ്ത്രക്രിയ തലവനുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലാണ് ഇരുവരെയും വേർപ്പെടുത്തിയത്. സയാമീസ് ഇരട്ടകളായ അസാരിയയും അസൂറയും ജൂലൈ 28 നാണ് സൗദി അറേബ്യ അയച്ച പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ എയർ ആംബുലൻസിൽ രാജ്യത്ത് എത്തിയത്. കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ഇവർക്ക് സമഗ്ര പരിശോധനകൾ നടത്തി. നെഞ്ചിന്റെ അടിഭാഗത്തും വയറിലും കരളുകളിലും ഇരുവരും പരസ്പരം ഒട്ടിപ്പിടിച്ചതായും കുടലുകളും പെരികാർഡിയവും ഒട്ടിപ്പിടിച്ചതായി സംശയിക്കുന്നതായും ഡോക്ടർമാർ വിലയിരുത്തി.
ഇരട്ടകളിൽ ഒരാൾക്ക് കാര്യമായ ജന്മനാ വൈകല്യങ്ങളും സാധാരണയേക്കാൾ 20 ശതമാനത്തോളം ഹൃദയപേശികളുടെ പ്രവർത്തന വൈകല്യവും ഉണ്ടെന്നും ഇത് ശസ്ത്രക്രിയയുടെ അപകട സാധ്യത 40 ശതമാനമായി വർധിപ്പിക്കുന്നതായും പരിശോധനകളിൽ വ്യക്തമായി. പീഡിയാട്രിക് കാർഡിയോളജിസ്റ്റുകളുമായി മെഡിക്കൽ സംഘം നിരവധി പ്രത്യേക മീറ്റിംഗുകൾ നടത്തി ചികിത്സാ, ശസ്ത്രക്രിയാ പദ്ധതിക്ക് അന്തിമരൂപം നൽകി. ടിഷ്യൂകളെ പുനരധിവസിപ്പിക്കാനും വേർപ്പെടുത്തലിനുശേഷം വിടവുകൾ അടക്കാനും ചർമ്മത്തിനടിയിൽ എക്‌സ്പാൻഷൻ ബലൂണുകൾ സ്ഥാപിക്കുന്നതും സങ്കീർണതകൾ തടയാനായി ഹൃദയവൈകല്യം ബാധിച്ച ഇരട്ടകളുടെ കൃത്യമായ മരുന്ന് മാനേജ്‌മെന്റും സുപ്രധാന ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ആറ് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നു. അനസ്‌തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ മേഖലകളിൽ നിന്നുള്ള കൺസൾട്ടന്റുമാർ, സ്‌പെഷ്യലിസ്റ്റുകൾ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ അടങ്ങിയ 25 അംഗ മെഡിക്കൽ സംഘം ശസ്ത്രക്രിയയിൽ പങ്കാളിത്തം വഹിച്ചു.
35 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന, ലോകത്തെവിടെ നിന്നുമുള്ള സയാമിസ് ഇരട്ടകൾക്ക് വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തുന്ന സൗദി പ്രോഗ്രാമിനു കീഴിലെ 67ാമത് ശസ്ത്രക്രിയയാണിത്. സൗദി ഭരണാധികാരികളിൽ നിന്ന് രാജ്യത്തെ ആരോഗ്യ മേഖലക്ക് ലഭിക്കുന്ന ഉദാരമായ പിന്തുണയും സൗദി മെഡിക്കൽ ജീവനക്കാരുടെ ഉയർന്ന തലത്തിലുള്ള പരിശീലനവും പ്രൊഫഷണൽ കഴിവും ഇത് പ്രതിഫലിപ്പിക്കുന്നു.
ശസ്ത്രക്രിയാ സംഘം റെക്കോർഡ് സമയത്തിനുള്ളിൽ ജമൈക്കൻ ഇരട്ടകളെ വിജയകരമായി വേർപെടുത്തി. അസൂറയുടെ ഹൃദയാരോഗ്യ വെല്ലുവിളികൾ കാരണം മെഡിക്കൽ സംഘം ശസ്ത്രക്രിയ വേഗത്തിലാക്കുകയായിരുന്നു. ഇരട്ടകളുടെ കുടലുകൾ ഒട്ടിപ്പിടിച്ച നിലയിലല്ലാത്തതും ഓപ്പറേഷൻ റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സഹായിച്ചതായും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.



